Share this Article
image
യുപിയിൽ ഭീതി പരത്തി മനുഷ്യനെ തിന്നുന്ന ചെന്നായകൾ
1 min read
Man-Eating wolf


ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ഒരു സാധാരണ ജില്ലയാണ്. വലിയ ബഹളമൊന്നുമില്ലാതെ വാര്‍ത്തകളിലില്ലാതെ ഒഴുക്കിനനുസരിച്ച് നീങ്ങുന്ന തനി ഉത്തരേന്ത്യന്‍ ഗ്രാമാന്തരീക്ഷം. എന്നാല്‍ കുറച്ചേറെ ദിവസങ്ങളായി ഈ ഗ്രാമം വാര്‍ത്തിയിലുണ്ട്. നാടോടിക്കഥകളില്‍ നിറഞ്ഞ നരഭോജി ചെന്നായ്ക്കളുടെ ചോരമണക്കുന്ന യാഥാര്‍ത്ഥ്യവുമായി....

രണ്ട് മാസത്തിനിടെ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചത് ഈ ആളെക്കൊല്ലി ചെന്നായ്ക്കളാണ്. ഒമ്പത് ജീവനുകളാണ് ഇത് വരെ ഇവ കൊന്നത്. എട്ട് കുട്ടികളും ഒരു സ്ത്രീയുമുള്‍പ്പെടെ ഒമ്പത് ജീവനുകള്‍.

ഏറ്റവുമൊടുവിലായി കൊന്നത് ഒരു കൈക്കുഞ്ഞിനെ... അമ്മയുടെ മടിയില്‍ നിന്നായിരുന്നു ആ ചെന്നായ്ക്കൂട്ടം ആ കുരുന്നിനെ കവര്‍ന്നത്. കെട്ടുകഥകളിലെ ചോരക്കണ്ണുള്ള ചെന്നായ്ക്കളേക്കാള്‍ ക്രൂരമായി. 

ബഹ്‌റൈച്ച് ജില്ലയിലെ മുപ്പതോളം ഗ്രാമങ്ങളിലാണ് ഈ ചെന്നായ്‌പ്പേടി വ്യാപിച്ചത്. അമ്പതിനായിരത്തോളം കുടുംബങ്ങളാണ് നരഭോജി ചെന്നായ് തീര്‍ത്ത ഭയത്തില്‍ കഴിയുന്നത്. 45 ദിവസത്തിനിടെ 9 ജീവന്‍. 25ലേറെ പേര്‍ക്ക് പരിക്ക്. ദിവസക്കൂലിക്ക് തൊഴിലെടുക്കുന്ന സാധാരണ മനുഷ്യരാണ് ഈ ഗ്രാമങ്ങളിലുളളവര്‍. ജൂലൈയില്‍ സിക്കന്ദര്‍പൂരിലെ ചെന്നായ് ആക്രമണത്തില്‍ ഒരുവയസുള്ള കുഞ്ഞ് കൊല്ലപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. 

ഒരാഴ്ച്ചയ്ക്കിപ്പുറം അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ മൂന്ന് വയസുകാരിയെ ചെന്നായ്ക്കള്‍ തട്ടിയെടുത്തു. എന്നാല്‍ മറ്റൊരു ജംഗിള്‍ ബുക്കായിരുന്നില്ല അത്. റുഡ്യാര്‍ഡ് ക്ലിപ്പിങ് കണ്ടെടുത്ത കഥാന്ത്യമായിരുന്നില്ല, കൊന്ന് തിന്നാനായി ആ ചെന്നായ്ക്കൂട്ടം അപഹരിച്ചതായിരുന്നു ആ കുരുന്നിനെ. പാതി തിന്ന് അവശേഷിപ്പിച്ച ആ കുഞ്ഞ് ശരീരമാണ് ആ നാടിനെ ചെന്നായ്ക്കൂട്ടം വേട്ടയാടുന്നുണ്ടെന്ന ബോധ്യത്തിലേക്ക് എത്തിച്ചത്.

ഓഗസ്റ്റില്‍ കൊണ്ടുപോയത് എട്ടുവയസുകാരനെ..പാതി തിന്ന് പാതി ബാക്കിയാക്കിയ കുഞ്ഞിനെയാണ് പിന്നീട് കണ്ടെടുത്തത്. ദുദ്വ വനത്തിനോട് അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളായിരുന്നു ചെന്നായ്ക്കൂട്ടം മനുഷ്യവേട്ടയ്ക്ക് തെരഞ്ഞെടുത്തത്.

അതിനാല്‍ തന്നെ വന്യമൃഗങ്ങളിറങ്ങുന്നത് ആ ഗ്രാമീണര്‍ക്ക് പുതുമയല്ല. എന്നാല്‍ ആളെക്കൊല്ലി ചെന്നായ്ക്കള്‍ പുതുമയായിരുന്നു ആ ഗ്രാമത്തിന് ഒട്ടും സുഖകരമല്ലാത്ത ഓര്‍മയിലെങ്കിലും.. 

ഒടുവില്‍ ഓപ്പറേഷന്‍ ബേദിയ.... ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെന്നായ്ക്കൂട്ടത്തെ പിടിക്കാന്‍ ശ്രമം തുടങ്ങി. 250 പേരാണ് ബേദിയ ദൗത്യത്തിന്റെ ഭാഗമായത്.  150 ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ നിരീക്ഷിച്ച് കൂട്ടിലാക്കിയത് നാല് ചെന്നായ്ക്കളെ.

ഇനിയും രണ്ടെണ്ണത്തെ പിടികൂടാനുണ്ടെന്നാണ് വിവരം. എന്നാല്‍ ഇനിയും കാടിറങ്ങുന്ന ചെന്നായ്ക്കൂട്ടമുണ്ടെന്നതാണ് ഭയം ബാക്കിയാക്കുന്നത്. മുത്തശ്ശി കഥകളിലുറങ്ങിയ കുരുന്നുകളെ അമ്മയുടെ കരവലയത്തില്‍ നിന്ന് കവര്‍ന്ന മൃഗീയതയ്ക്ക് മുന്നില്‍ പകച്ചിരിക്കുകയാണ് ആ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article