Share this Article
News Malayalam 24x7
ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13 ന്
Attukal Pongala

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13 ന്. ജില്ലയിൽ അവലോകന യോ​ഗം ചേർന്നു. 30 വാര്‍ഡുകളെ ഉത്സവമേഖലയാക്കി തിരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാര്‍ച്ച് 29വരെ റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തവണ പൊങ്കാല ദിനത്തിൽ എയര്‍ക്രാഫ്റ്റ് മാര്‍ഗ്ഗേനയുള്ള പുഷ്പവൃഷ്ടി ഉണ്ടാവില്ല.

ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകളെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു, പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ജില്ലയ്ക്ക് അവധി നല്‍കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് അവലോകന യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു..

ഉത്സവങ്ങളില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നും ഉൽസവദിവസങ്ങളിലു൦ പ്രത്യേകിച്ച് പൊങ്കാല ദിനത്തിലു൦ വിതരണം ചെയ്യുന്ന ഭക്ഷണം, വെള്ളം എന്നിവയില്‍ അതീവ ശ്രദ്ധ വേണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു.. കൂടാതെ ദൂരദേശങ്ങളില്‍ നിന്ന് വിളക്കുകെട്ടുമായി വരുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും വി ശിവൻകുട്ടി നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ മാര്‍ച്ച് 29വരെ റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ നടത്തുന്നില്ല. അതിനാല്‍ പൊങ്കാല ദിവസത്തില്‍ എയര്‍ക്രാഫ്റ്റ് മാര്‍ഗ്ഗേനയുള്ള പുഷ്പവൃഷ്ടി ഇത്തവണ ഉണ്ടാവില്ല. കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും പൊങ്കാലയുടെ തലേ ദിവസം വെകുന്നേരം 6 മുതല്‍ പൊങ്കാല ദിവസം വൈകുന്നേരം 6 വരെ മദ്യനിരോധനം ഏര്‍പ്പെടുത്തും. 

പൂർണ്ണമായും ഹരിതപ്രോട്ടോകോള്‍ പാലിച്ച് വേണം പൊങ്കാല മഹോത്സവം നടത്താനെന്നും തീരുമാനമെടുത്തു.. പെട്രോള്‍ പമ്പുകള്‍ക്ക് സമീപം അടുപ്പ് കൂട്ടുന്നത് ഭക്തജനങ്ങള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുണ്ട്.. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി ആണ് പൊങ്കാലയുടെ നോഡല്‍ ഓഫീസര്‍. പൊങ്കാലയോടനുബന്ധിച്ച് മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ രണ്ട് ഘട്ടങ്ങളിലായി വിന്യസിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസും അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories