Share this Article
image
ഓഗസ്റ്റ് 23 - ചാന്ദ്രദൗത്യത്തിന് ഇന്ന് ഒരു വയസ്
chandrayaan3


രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ചാന്ദ്രദൗത്യത്തിന് ഇന്ന് ഒരു വയസ്. 2023 ഓഗസ്റ്റ് 23 ന് , ചാന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയപ്പോള്‍,  അപ്രതീക്ഷ തിരിച്ചടികളും അവസാനഘട്ടത്തിലെ പ്രതിസന്ധികളെയും തരണം ചെയ്ത് ഇന്ത്യ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി. 

2019 സെപ്റ്റംബര്‍ ഏഴ്, സമയം പുലര്‍ച്ചെ രണ്ട് മണി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ആരവങ്ങളില്ലാതെ നിശബ്ദമായി. ബഹിരാകാശ ചരിത്രത്തില്‍ നാഴികകല്ലാകാവുന്ന നിമിഷത്തിനായി കാത്തിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെയും ശാസ്ത്രജ്ഞരുടെ മനസില്‍ നിരാശ നിഴലിച്ചു.

രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ചാന്ദ്രയാന്‍ 2 ദൗത്യം അവസാനനിമിഷം പരാജയപ്പെടുന്നു. സോഫ്റ്റ് ലാന്‍ഡിങ്ങിന് വെറും 2 കിലോമീറ്റര്‍ ശേഷിക്കെ. എന്നാല്‍ തിരിച്ചടികള്‍ ഊര്‍ജമാക്കിയെടുത്ത ഇന്ത്യ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം അഭിമാനത്തോടെ അമ്പിളിക്കല ചൂടി.

2023 ഓഗസ്റ്റ് 23 , വൈകീട്ട് 6 മണി കഴിഞ്ഞ് നാലു മിനിറ്റാകുമ്പോള്‍ ചാന്ദ്രയാന്‍ 3 ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. 'ഇന്ത്യാ ഞാന്‍ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി, നീയും' ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ചന്ദ്രയാനില്‍ നിന്ന് രാജ്യത്തിന് ആദ്യ സന്ദേശമെത്തി. 

ദൗത്യത്തിന്റെ അവസാന 15 മിനുറ്റുകള്‍ ഉദ്വേഗ ജനകമായിരുന്നു. ചന്ദ്രോപരിതലത്തിന് ഉയരത്തില്‍ നിന്ന് പവേഡ് ഡിസന്റ് ആരംഭിക്കുന്നത് മുതല്‍ ലാന്‍ഡര്‍ ചന്ദ്രനെ തൊടുന്നതുവരെയുള്ള നിര്‍ണ്ണായക നിമിഷങ്ങളാണ് ഈ 15 മിനിറ്റുകള്‍ . ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ പാളിയതും ഈ 15 മിനിറ്റില്‍ തന്നെ.

വിക്രം എന്നു പേരിട്ട ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ തൊട്ടതോടെ യുഎസിനും ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ബഹിരാകാശ ശക്തികളുടെ എലൈറ്റ് ഗ്രൂപ്പില്‍ ഇന്ത്യയും അംഗമായി. ഒപ്പം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യമെന്ന ബഹുമതിയും സ്വന്തം.

പ്രഗ്യാന്‍ എന്നു പേരിട്ട റോവറാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ചന്ദ്രനില്‍ സൂര്യന്‍ പ്രകാശിച്ച 14 ദിവസങ്ങള്‍ കൊണ്ട് പര്യവേക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും.

രാജ്യത്തിന്റെ അഭിമാനം ചന്ദ്രനോളമെത്തിച്ച, ചാന്ദ്രയാന്‍ 3ന് ഒരു വയസ്സ് തികയുമ്പോള്‍ , ഈ ദൗത്യം ഇന്ത്യയുടെ ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെയും ബഹിരാകാശ പര്യവേക്ഷണത്തിന്റെ അതിരുകള്‍ ഭേദിക്കാനുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി നിലകൊള്ളുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article