ഇന്ത്യൻ വേനലിന്റെ മധുരം... അതെ, നമ്മുടെയെല്ലാം പ്രിയപ്പെട്ട മാമ്പഴക്കാലം! ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ നീളുന്ന ഈ സീസണിൽ ഇന്ത്യയിലെങ്ങും മാമ്പഴങ്ങളുടെ ഉത്സവമാണ്. വഴിയോരങ്ങളിലും കടകളിലും നിറയെ വിവിധ തരം മാങ്ങകൾ.
ഉച്ചയൂണിന് മുൻപ് ഒരു കഷ്ണം മാമ്പഴം കഴിക്കുന്നതും, കറികൾ, ഷേയ്ക്ക്, അച്ചാർ, ശീതളപാനീയങ്ങൾ എന്നിങ്ങനെ പല രൂപത്തിൽ മാമ്പഴം നമ്മുടെ തീൻമേശയിലെത്തുന്നതും ഈ സമയത്തെ പതിവ് കാഴ്ചയാണ്. നിങ്ങൾക്കറിയാമോ? ഇന്ത്യയിൽ ആയിരത്തിലധികം തരം മാമ്പഴങ്ങളുണ്ട്! ഓരോന്നിനും അതിൻ്റേതായ രുചിയും മണവും രൂപവുമാണ്. നമുക്ക് ഏറ്റവും പ്രശസ്തമായ ചില മാങ്ങയിനങ്ങളെ പരിചയപ്പെടാം.
അൽഫോൻസോ മാങ്ങ
ഇതാണ് മാമ്പഴങ്ങളുടെ രാജാവ് - അൽഫോൻസോ! മഹാരാഷ്ട്രയിലും ഗോവയിലുമാണ് ഇവൻ താരം. 'ഹാപ്പൂസ്' എന്നും പേരുണ്ട്. സ്വർണ്ണ മഞ്ഞ നിറം, നല്ല മണം, വെണ്ണപോലുള്ള ഉൾക്കാമ്പ് - ഇതൊക്കെയാണ് അൽഫോൻസോയെ പ്രിയങ്കരനാക്കുന്നത്.കേസരി മാങ്ങ
ഗുജറാത്തിൽ നിന്നുള്ള കേസരി മാങ്ങ. കുങ്കുമ നിറവും പുളി കലർന്ന മധുരവുമാണ് ഇതിന്റെ പ്രത്യേകത. ലോകപ്രശസ്തനാണ് ഈ കേസരി!
ദാശേരി മാങ്ങ
ഉത്തർപ്രദേശിൽ നിന്നുള്ള ദാശേരി. നീണ്ട ആകൃതി, പച്ച കലർന്ന മഞ്ഞ നിറം, നല്ല നീരും മണവുമുള്ള ഈ മാങ്ങ ഉത്തരേന്ത്യയിൽ വളരെ പ്രശസ്തമാണ്.
ലാംഗ്ര മാങ്ങ
ഉത്തർപ്രദേശിലും ബീഹാറിലും കാണുന്ന ഇവൻ പഴുത്താലും പച്ചനിറത്തിൽ തന്നെ കാണപ്പെടും. നാരുകളുള്ള കാമ്പും പ്രത്യേക ഗന്ധവുമാണ് തിരിച്ചറിയാനുള്ള മാർഗ്ഗം.ബംഗനപ്പള്ളി മാങ്ങ
ആന്ധ്രാപ്രദേശിന്റെ സ്വന്തം ബംഗനപ്പള്ളി. വലിയ, നീളത്തിലുള്ള ഈ മാങ്ങയ്ക്ക് മഞ്ഞ തൊലിയും നാരുകളില്ലാത്ത കാമ്പുമാണ്.
തോത്താപുരി മാങ്ങ
തത്തയുടെ ചുണ്ടുപോലെ അറ്റം കൂർത്ത തോത്താപുരി. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ സുലഭം. പച്ചകലർന്ന മഞ്ഞനിറവും പുളിരസവുമാണ് പ്രത്യേകത. അച്ചാറിനും ചട്‌നിക്കും ഇവനാണ് ബെസ്റ്റ്!
ഇവ കൂടാതെ പശ്ചിമ ബംഗാളിലെ ഹിമസാഗർ, തമിഴ്‌നാട്ടിലെ നീലം, ബീഹാറിലെ ചൗസ, കർണാടകയിലെ ബാദാമി, റസ്പുരി, തമിഴ്‌നാട്ടിലെ മാൽഗോവ, ബീഹാറിലെ സർദാലു തുടങ്ങി എണ്ണിയാൽ തീരാത്തത്ര മാങ്ങയിനങ്ങളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം.മാമ്പഴ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവയാണ്. ഏറ്റവും കൂടുതൽ ഉത്പാദനം നടക്കുന്നത് ഉത്തർപ്രദേശിലാണ്.