Share this Article
News Malayalam 24x7
ജവഹര്‍ലാല്‍ നെഹ്‌റു ഓര്‍മയായിട്ട് 61 വര്‍ഷം
Remembering Jawaharlal Nehru

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ അറുപത്തൊന്നാം ചരമവാര്‍ഷികദിനമാണ് ഇന്ന്. മതനിരപേക്ഷവും ജനാധിപത്യപരവുമായ ഇന്ത്യയുടെ പിറവിക്ക് നെഹ്‌റുവിന്റെ കാഴ്ചപ്പാടുകള്‍ നല്‍കിയ സ്വാധീനം വിലമതിക്കാനാകാത്തതാണ്. 

ദേശീയ രാഷ്ട്രീയത്തിലെയും അന്താരാഷ്ട്ര വേദിയിലെയും അതികായന്‍, ഒരു രാഷ്ട്രത്തിന്റെ ഭാവി സ്വപ്നങ്ങളുടെ മുഴുവന്‍ കാവല്‍ക്കാരനായ നെഹ്‌റു അദ്ദേഹത്തിന്റെ എണ്ണമറ്റ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും മാത്രമല്ല, പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ ഭരണനിര്‍വഹണത്തിലും വ്യത്യസ്തനായിരുന്നു. ഇന്ത്യന്‍ ദേശീയതയുടെ ആദ്യവര്‍ഷങ്ങളില്‍ ലോകം നെഹ്‌റുവിനൊപ്പമാണ് ഇന്ത്യയെ തിരിച്ചറിഞ്ഞത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതും വളര്‍ത്തിയതും നെഹ്‌റുവിന്റെ ദര്‍ശനങ്ങളും നയങ്ങളുമായിരുന്നു. 


1948 ല്‍ ഐക്യരാഷ്ട്രസഭയുടെ അസംബ്ലിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ലോകത്തിലെ സമുന്നതനായ രാജ്യതന്ത്രജ്ഞന്‍ എന്ന ഖ്യാതി നെഹ്റുവിന് സമ്മാനിച്ചു. വ്യത്യസ്ത മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു രാജ്യത്ത് വര്‍ഗീയതയുടെ വിഷം കലര്‍ത്താതെ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് വിശ്വസിച്ച പ്രധാന മന്ത്രിയായിരുന്നു അദ്ധേഹം. വ്യാവസായികവല്‍ക്കരണത്തിലൂടെയും ശാസ്ത്രീയ പുരോഗതിയിലൂടെയും ഇന്ത്യയെ നവീകരിക്കാനാണ് നെഹ്‌റു ലക്ഷ്യമിട്ടത്. 

പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി ഗവേഷണ ലബോറട്ടറികളും സ്ഥാപിക്കപ്പെട്ടു. നീതിയും സമത്വവുമുള്ള സമൂഹത്തിനായുള്ള ഇന്ത്യയുടെ പ്രതീകമായി നിലകൊള്ളുകയാണ് ഇന്നും നെഹ്‌റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article