Share this Article
News Malayalam 24x7
കലാഭവൻ മണിയുടെ ഓര്‍മകള്‍ക്ക് 10 വർഷം
10 Years Without Kalabhavan Mani

ചാലക്കുടിപ്പുഴയുടെ തീരത്തെ ശൂന്യമാക്കി ആ കറുത്ത മുത്ത് വിടവാങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. മലയാളികളുടെ പ്രിയനടൻ കലാഭവൻ മണി ഓർമ്മയായിട്ട് പത്താണ്ട് പിന്നിടുമ്പോഴും, ഒരു വലിയ വികാരമായി അദ്ദേഹം ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്നു. വെറുമൊരു നടൻ എന്നതിലുപരി മലയാളികൾക്ക് അദ്ദേഹം സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു.

മണിയുടെ നാടൻ പാട്ടുകളോ, സിനിമകളിലെ തനതായ സംഭാഷണശൈലിയോ, ആ സവിശേഷമായ ചിരിയോ ഇല്ലാതെ ഒരു ദിവസം പോലും മലയാളിക്ക് കടന്നുപോകാനാവില്ല. പത്ത് വർഷം മുമ്പ് മാർച്ച് ആറിനാണ് ആ വേർപാട് സംഭവിച്ചതെങ്കിലും, ഇന്നും ആ ദുഃഖം മായാതെ ആരാധകരുടെ മനസ്സിലുണ്ട്. സോഷ്യൽ മീഡിയയിൽ ഇന്നും സജീവമായ അദ്ദേഹത്തിന്റെ പാട്ടുകളും സിനിമകളും, അദ്ദേഹം ജീവിതത്തിൽ കാത്തുസൂക്ഷിച്ച കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹത്തെ ഇപ്പോഴും ജനങ്ങൾക്കിടയിൽ സജീവമായി നിർത്തുന്നു. മണി അന്തരിച്ച ശേഷം ജനിച്ച കുട്ടികൾ പോലും വലിയ ആരാധനയോടെയാണ് ഈ വലിയ കലാകാരനെ നോക്കിക്കാണുന്നത്.


ചാലക്കുടിയിലെ ഒരു സാധാരണ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് ലോകമറിയുന്ന സിനിമാക്കാരനായി വളർന്നിട്ടും, തന്റെ പഴയ ജീവിതത്തെ അഭിമാനത്തോടെ സ്മരിക്കുകയും സാധാരണക്കാരനായി ജീവിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു മണി. ദാരിദ്ര്യത്തോടും വിവേചനത്തോടും പൊരുതി നേടിയ ആ വിജയം ഏതൊരു സാധാരണക്കാരനും ഇന്നും വലിയ ആവേശമാണ്.


മരണത്തിന് മണിയുടെ ഭൗതിക ശരീരം മാത്രമേ ഇല്ലാതാക്കാൻ കഴിഞ്ഞുള്ളൂ. അദ്ദേഹം പാടിയ പാട്ടുകളിലൂടെയും, അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെയും, പതിനായിരങ്ങൾക്ക് പകർന്നുനൽകിയ സഹായങ്ങളിലൂടെയും കലാഭവൻ മണി ഇന്നും മലയാളിയുടെ ആവേശമായും ആനന്ദമായും നിലകൊള്ളുന്നു. മാർച്ച് ആറ് എന്നത് മലയാളികൾക്ക് ഇന്നും നൊമ്പരമുണർത്തുന്ന ഒരു ദിനമായി തുടരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories