Share this Article
News Malayalam 24x7
ലോക തൊഴിലാളി വർഗത്തിന്റെ അഭിമാന ദിനം; ഇന്ന് ലോക തൊഴിലാളി ദിനം
International Workers' Day

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ഐക്യത്തെയും പോരാട്ടങ്ങളെയും അനുസ്മരിച്ചുകൊണ്ട് ഇന്ന് മെയ് ഒന്ന്, അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ അഭിമാന ദിനമായി കണക്കാക്കുന്ന ഈ ദിവസം 1890 മുതലാണ് ആഗോളതലത്തിൽ ആചരിച്ചു തുടങ്ങിയത്. കേരളത്തിൽ 1957 മുതലാണ് മെയ് ദിനാചരണത്തിന് ഔദ്യോഗിക തുടക്കമായത്.

തൊഴിലാളികളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമാണ് ഈ ദിനം ഓർമ്മപ്പെടുത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1886-ൽ അമേരിക്കയിലെ ഷിക്കാഗോയിൽ നടന്ന ഹേമാർക്കറ്റ് കലാപമാണ്. അന്ന് തൊഴിലാളികൾ നടത്തിയ പ്രതിഷേധ റാലിക്കിടയിൽ അജ്ഞാതനായ ഒരാൾ ബോംബ് എറിയുകയും, തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി തൊഴിലാളികളും പൊലീസുകാരും മരണപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ വിചാരണാ കോടതി നിരവധി തൊഴിലാളി നേതാക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കി.


തൊഴിലാളികളുടെ കഠിനമായ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മ പുതുക്കുന്നതിനും, അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി പോരാടിയവരുടെ സ്മരണാർത്ഥമാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്.ഇന്ന് നൂറോളം രാജ്യങ്ങളിൽ തൊഴിലാളി ദിനം സജീവമായി ആചരിക്കുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ റാലികളും, പൊതുപരിപാടികളും സമ്മേളനങ്ങളും ഇന്ന് സംഘടിപ്പിക്കപ്പെടുന്നുണ്ട്. തൊഴിലാളികളുടെ അവകാശ ബോധത്തെയും ആത്മാഭിമാനത്തെയും ഊട്ടിയുറപ്പിക്കുന്ന ഒരു ദിനമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories