ഇന്ന് ലോക വിദ്യാർത്ഥി ദിനം. ഇന്ത്യയുടെ മിസൈൽ മാൻ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോകമെങ്ങും വിദ്യാർത്ഥി ദിനമായി ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ശാസ്ത്ര കുതിപ്പിന് നേതൃത്വം നൽകിയതിനൊപ്പം, വിദ്യാർത്ഥികളെ സ്വപ്നം കാണാനും ആ സ്വപ്നങ്ങൾക്ക് ചിറകുനൽകാനും പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകന്റെ ഓർമ്മകളെ സ്മരിക്കുകയാണ് രാജ്യം.
ഒരു ശാസ്ത്രജ്ഞൻ, ഇന്ത്യയുടെ രാഷ്ട്രപതി, അതിലുമപ്പുറം കോടിക്കണക്കിന് കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു നല്ല അധ്യാപകൻ. തന്നെ ഒരു അധ്യാപകനായി ഓർക്കപ്പെടാനാണ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതെന്ന് തുറന്നുപറഞ്ഞ വ്യക്തിത്വമായിരുന്നു ഡോ. എ.പി.ജെ. അബ്ദുൾ കലാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ അടയാളപ്പെടുത്തിയത്.
രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക പകിട്ടുകളേക്കാൾ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളോട് സംസാരിക്കാനാണ് അദ്ദേഹം എന്നും സമയം കണ്ടെത്തിയത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം മുന്നോട്ടുവെച്ച സന്ദേശം ലളിതമായിരുന്നു.വലിയ ലക്ഷ്യങ്ങൾ കാണുക, അതിനായി കഠിനാധ്വാനം ചെയ്യുക.
ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, നമ്മെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നം' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും രാജ്യത്തെ യുവതലമുറയ്ക്ക് ഏറ്റവും വലിയ പ്രചോദനമാണ്. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള ഊർജ്ജമാണ് കലാം എന്ന പേര് ഓരോ വിദ്യാർത്ഥിക്കും പകരുന്നത്. സ്വപ്നങ്ങളെ വിപ്ലവങ്ങളാക്കി മാറ്റാൻ പഠിപ്പിച്ച ആ ജനകീയ അധ്യാപകന്റെ ജന്മദിനത്തിൽ, ലോക വിദ്യാർത്ഥി ദിനാശംസകൾ.