Share this Article
image
ആഗോള ബഹിരാകാശ ശക്തിയിലേക്കുള്ള ഇന്ത്യയുടെ യാത്ര.....നാള്‍വഴികളിലൂടെ
kalam


ബഹിരാകാശ പര്യവേഷണങ്ങളില്‍ ഇന്ത്യയെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ നിരവധി ദൗത്യങ്ങളുണ്ട്. സാങ്കേതിക വിദ്യയിലൂടെയും നിര്‍മ്മിത ബുദ്ധിയുടെ രംഗപ്രവേശനത്തിലൂടെയും രാജ്യത്തിന്റെ കുതിപ്പ് ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ പരിശോധിക്കാം ആഗോള ബഹിരാകാശ ശക്തിയിലേക്കുള്ള ഇന്ത്യയുടെ യാത്ര... 

1963 നവംബര്‍ 21... അന്നാണ് ഇന്ത്യ ഗഗനയാത്രകള്‍ക്ക്  തുടക്കം കുറിക്കുന്നത്. തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനില്‍ നിന്ന് ആദ്യത്തെ സൗണ്ട് റോക്കറ്റ് വിക്ഷേപിച്ചു.

സൈക്കിളിന് പിന്നില്‍ കെട്ടിവച്ചാണ് റോക്കറ്റ്് വിക്ഷേപണ സ്ഥലത്തെത്തിച്ചത്. നാസയുമായുള്ള സഹകരണത്തോടെ നൈക്ക്-അപ്പാച്ചെ എന്ന റോക്കറ്റ് വിക്ഷേപണം ബഹിരാകാശ ഗവേഷണ ലോകത്തേക്കുള്ള ഇന്ത്യയുടെ പ്രവേശന കവാടമായി.

ഇന്ത്യക്കൊപ്പം കേരളത്തിന്റെ നാമവും ലോകത്തിന്റെ നെറുകയില്‍ കോറിയിട്ട വര്‍ഷമായിരുന്നു അത്. ആര്യഭട്ട മുതല്‍ ഭാസ്‌കരയും രോഹിണിയും പിന്നിട്ട് ഇയോ സാറ്റലൈത്തിനില്‍ക്കുന്നു നീണ്ട നിര.  

1980ന്റെ തുടക്കം ഇന്ത്യന്‍ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. തദ്ദേശീയമായ വിക്ഷേപണ ശേഷി രാജ്യത്തിനുണ്ടെന്ന് ലോകത്തെ അറിയിച്ച വര്‍ഷം. എസ്എല്‍വി റോക്കറ്റ് വിജയമായി.

അബ്ദുള്‍ കലാമായിരുന്നു രോഹിണിയുടെ വിജയശില്‍പി. ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപനമെന്ന്് അബ്ദുള്‍ കലാം ഇന്ത്യയെ പഠിപ്പിച്ചു. ഈ കാലയളവില്‍ തന്നെയാണ് പിഎസ്എല്‍വിയും ആരംഭിച്ചത്. 

രാജ്യത്തിന്റെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതോടൊപ്പം മറ്റ് രാജ്യങ്ങളുടെ വിക്ഷേപണവും ഏറ്റെടുത്തോടെ ഐഎസ്ആര്‍ഒയുടെ തലയിടുപ്പ് വാനോളം ഉയര്‍ന്നു. ഒറ്റയടിക്ക് 90 ഉപഗ്രങ്ങള്‍ വരെ ബഹിരാകാശത്തെത്തിച്ച് ഇന്ത്യ ലോകത്തെ വിസ്മയിപ്പിച്ചു.

2000ത്തോടെ ഭൂമിക്ക് പുറത്തേക്കുള്ള അന്വേഷണത്തിന് ഇന്ത്യ തുടക്കം കുറിച്ചു. 2008-ല്‍ ചന്ദ്രയാന്‍-1 പിറന്നു. ചന്ദ്രോപരിതലത്തില്‍ ജല തന്മാത്രകളുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയതിനാല്‍ ഈ ദൗത്യം ഒരു പ്രധാന നാഴികക്കല്ലായി.

ചന്ദ്രയാന്‍-1 ന്റെ വിജയം ഐഎസ്ആര്‍ഒയെ ചൊവ്വയിലേക്ക് നയിച്ചു.  2013-ല്‍  മംഗള്‍യാന്‍ ദൗത്യം വിജയിച്ചതോടെ ചൊവ്വയെ കീഴടക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി മാറി ഇന്ത്യ. 

2019-ല്‍ ചന്ദ്രയാന്‍-2 വിക്ഷേപിച്ചതാണ് ഈ ദശകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്. വിക്രം ലാന്‍ഡറിന് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഓര്‍ബിറ്റര്‍ അന്ന് ശേഖരിച്ച വിലപ്പെട്ട ഡാറ്റകള്‍ ഇപ്പോഴും പല ദൗത്യങ്ങള്‍ക്കും അടിസ്ഥാനമായി തുടരുന്നു.

ചന്ദ്രയാന്‍ 2ന്റെ പരാജയം ഇന്ത്യയുടെ നെഞ്ചിലുണ്ടാക്കിയ വിങ്ങല്‍ ചെറുതൊന്നുമല്ല. എന്നാല്‍ ഈ പരാജയം വലിയൊരു വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. അതായിരുന്നു ചന്ദ്രയാന്‍ -3. 2023 ആഗസ്ത് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍-3 വിജയകരമായി ഇറക്കി.

ഇന്ത്യന്‍ പതാക ചന്ദ്രനില്‍ പാറി പറന്നപ്പോള്‍ ലോകം മുഴുവന്‍ കരഘോഷങ്ങളോടെ ഭാരതത്തെ അഭിനന്ദിച്ചു. സ്വന്തമായി സ്‌പേസ് ഷട്ടിലും പരീക്ഷണ ഘട്ടത്തിലാണ്.

പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍എല്‍വിയുടെ മൂന്നാം ലാന്‍ഡിംഗിന്റെ പരീക്ഷണമായിരുന്നു മറ്റൊരു വിജയം.  സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റണ്‍വേയിലിറങ്ങിയപ്പോള്‍ ചരിത്രപരമായ മറ്റൊരു ദൗത്യത്തിനാണ് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article