Share this Article
News Malayalam 24x7
വെർച്വൽ അറസ്റ്റ് തട്ടിപ്പിനിടെ പൊലീസെത്തി,വാതില്‍ പൊളിച്ച് അകത്തുകടന്നു; ഡോക്ടർ വിസമ്മതിച്ചിട്ടും ഫോൺ വാങ്ങി; നിർണായകമായത് ബാങ്കിന്റെ സംശയം
വെബ് ടീം
posted on 18-12-2024
1 min read
VIRTUAL ARREST

കോട്ടയം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ചങ്ങനാശേരിയിലെ ഡോക്ടറെ രക്ഷിച്ച് പൊലീസ്. അറസ്റ്റില്‍ ഭയന്ന് തട്ടിപ്പ് സംഘത്തിന് കൈമാറിയ 5.25 ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ പൊലീസ് വീണ്ടെടുത്തു. സംശയകരമായ ഇടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് ഉടന്‍ തന്നെ ഇക്കാര്യം അറിയിച്ചതോടെയാണ് പൊലീസിന് വേഗത്തില്‍ ഇടപെടാന്‍ സാധിച്ചത്.പെരുന്ന സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് 30 ലക്ഷം രൂപ കൈക്കലാക്കാൻ ആയിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ ശ്രമം .സുപ്രീം കോടതിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ രേഖകൾ കാണിച്ചാണ് തട്ടിപ്പു സംഘം ഡോക്ടറെ കുടുക്കിയത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം.മുംബൈ പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം സുപ്രീംകോടതിയിലെയും പോസ്റ്റൽ സർവീസിലെയും ചില വ്യാജ രേഖകളും ഡോക്ടർക്ക് വാട്സ്ആപ്പ് വഴി അയച്ചു കൊടുത്തു.വീഡിയോ കോൾ വിളിച്ച് ഡോക്ടർ അറസ്റ്റിൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു. 

മുംബൈ പൊലീസ് ആണെന്ന് പറഞ്ഞാണ് ഡോക്ടറെ വിളിച്ചത്. സ്ഥിരമായി തട്ടിപ്പ് സംഘം പറയുന്നത് പോലെ ഡോക്ടര്‍ക്ക് വന്ന കുറിയറില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും സംഘം അറിയിച്ചു. ഈസമയത്ത് ഡോക്ടര്‍ വീട്ടില്‍ തനിച്ചായിരുന്നു. അറസ്റ്റില്‍ ഭയന്ന ഡോക്ടറോട് ജാമ്യത്തില്‍ ഇറങ്ങണമെങ്കില്‍ 30 ലക്ഷം രൂപ കൈമാറണമെന്ന് ആവശ്യപ്പെട്ടു. ആദ്യ ഘട്ടമായി 5.25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഡോക്ടര്‍ തുക കൈമാറി. സംശയകരമായ ഇടപാട് കണ്ട് സംശയം തോന്നിയ എസ്ബിഐ ബാങ്ക് പൊലീസിനെ വിവരം അറിയിച്ചതാണ് വഴിത്തിരിവായത്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ എസ്ബിഐ പ്രത്യേക മോണിറ്ററിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് സംശയകരമായ ഇടപാട് ആണ് എന്ന സംശയം തോന്നിയത്. ഉടന്‍ തന്നെ ചങ്ങനാശേരി ബാങ്ക് മാനേജറെ വിവരം അറിയിച്ചു. താങ്കളുടെ ബാങ്കിന്റെ പരിധിയിലുള്ള കസ്റ്റമറിന്റെ അക്കൗണ്ടില്‍ നിന്ന് സംശയകരമായ രീതിയില്‍ പണം കൈമാറിയിട്ടുണ്ടെന്ന വിവരമാണ് ധരിപ്പിച്ചത്. പരിശോധനയില്‍ ബാങ്കില്‍ അക്കൗണ്ടുള്ള ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് എന്ന് മനസിലായി . ഉടന്‍ തന്നെ ബാങ്ക് മാനേജര്‍ തിരുവനന്തപുരത്തുള്ള സൈബര്‍ സെല്ലിനെ വിവരം അറിയിച്ചു. ഇവര്‍ വിവരം ചങ്ങനാശേരി പൊലീസിന് കൈമാറി. ഉടന്‍ തന്നെ ചങ്ങനാശേരി പൊലീസ് ഡോക്ടറുടെ വീട്ടില്‍ എത്തി. കോളിങ് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭയന്ന് നിന്ന സ്ഥലത്ത് നിന്ന് മാറാന്‍ ഡോക്ടര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വാതില്‍ തല്ലി പൊളിച്ചാണ് പൊലീസ് സംഘം അകത്തുകടന്നത്. തുടര്‍ന്ന് ഡോക്ടറെ ഇത് തട്ടിപ്പാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഉടന്‍ തന്നെ 1930ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. ഇതിലൂടെ നാലരലക്ഷം രൂപയാണ് വീണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം  ചങ്ങനാശ്ശേരി ബ്രാഞ്ചിൽ ഇത്തരം അനുഭവം ആദ്യം ആണെന്ന് ബാങ്ക്  മാനേജർ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories