സൈബർ തട്ടിപ്പ് തടയാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ച 'സഞ്ചാർ സാഥി' ആപ്പ് ഫോണുകളിൽ നിർബന്ധമല്ലെന്ന് വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ ആപ്പ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ ആപ്പ് കൊണ്ടുവന്നതെന്നും ഇതിലൂടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി അറിയിച്ചു. ആപ്പ് നിർബന്ധമായി ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും എല്ലാവരെയും നിരീക്ഷിക്കാനുള്ള 'ബിഗ് ബ്രദർ' നീക്കമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.