ഇന്ന് രാത്രി ആകാശത്ത് സമ്പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഈ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. ഇന്ത്യയിൽ രാത്രി 8:58 ന് ചന്ദ്രനിൽ ഭൂമിയുടെ നിഴൽ വീഴാൻ തുടങ്ങും.
ഇന്ത്യൻ സമയം രാത്രി 8:58 ന് ഗ്രഹണം ആരംഭിച്ച്, സെപ്റ്റംബർ 8 പുലർച്ചെ 2:25 ന് പൂർണ്ണമായി അവസാനിക്കും. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീണുതുടങ്ങുന്നതോടെയാണ് ഗ്രഹണ പ്രക്രിയ ആരംഭിക്കുന്നത്. പൂർണ്ണ ഗ്രഹണ ഘട്ടം രാത്രി 11:00 മണിയോടെ ആരംഭിച്ച് സെപ്റ്റംബർ 8 ന് പുലർച്ചെ 12:22 വരെ നീണ്ടുനിൽക്കും.ഏറ്റവും വ്യക്തമായ കാഴ്ച രാത്രി 11:41 ഓടെയായിരിക്കും.ഈ പൂർണ്ണ ചന്ദ്രഗ്രഹണം ഏകദേശം 1 മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കും.ഗ്രഹണത്തിന്റെ മുഴുവൻ പ്രക്രിയയും ഏകദേശം 5 മണിക്കൂറും 27 മിനിറ്റും ആയിരിക്കും.
തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ, ഈ പൂർണ്ണ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾകൊണ്ടുതന്നെ ആസ്വദിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഈ ചന്ദ്രഗ്രഹണം കഴിഞ്ഞാൽ, അടുത്തൊരു സമ്പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത് 2028 ഡിസംബർ 31-നാണെന്നും അതിനാൽ ഈ ആകാശവിസ്മയം എല്ലാവരും കാണാനായി പുറത്തിറങ്ങണമെന്നും റിപ്പോർട്ടിൽ പറയുന്നു.