ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആപ്പാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്. വാട്സാപ്പിന് എതിരാളികളായി നിരവധി ആപ്പുകൾ വന്നിട്ടുണ്ടെങ്കിലും എപ്പോഴും വാട്സാപ്പിൻ്റെ തട്ട് മുകളിൽ തന്നെ ഇരിക്കും. അടിക്കടി കൊണ്ടുവരുന്ന പുതിയ ഫീച്ചറുകൾ തന്നെയാണ് വാട്സാപ്പിനെ ജനപ്രിയ മെസെജിംഗ് ആപ്പ് ആക്കി മാറ്റുന്നത്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകൾ പോലെ വാട്സാപ്പിലും യൂസർ നെയിം സംവിധാനം അവതരിപ്പിക്കാൻ പോകുന്നതായാണ് ഏറ്റവും അവസാനം വരുന്ന റിപ്പോർട്ട്.
ഈ ഫീച്ചർ വന്നാൽ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾക്ക് യൂസർ നെയിം നൽകാൻ കഴിയും. മുൻപ് മൊബൈൽ നമ്പർ വഴിയായിരുന്നു വാട്സാപ്പ് അക്കൗണ്ടുകൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നതെങ്കിൽ പുതിയ സവിശേഷത വന്ന് കഴിഞ്ഞാൽ ഒരാൾ സെറ്റ് ചെയ്യുന്ന യൂസർ നെയിം അനുസരിച്ച് അക്കൗണ്ടുകൾ തിരിച്ചറിയാം കഴിയും.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്നതിനായി മെറ്റാ കമ്പനി ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചർ വാട്സാപ്പിൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ സൗകര്യം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു വ്യക്തിയുമായുള്ള ചാറ്റ് പ്രത്യേകമായി ലോക്ക് ചെയ്യാനും ഡിലീറ്റ് ചെയ്യാതെ സൂക്ഷിച്ച് വയ്ക്കാനും കഴിയും. കൂടാതെ വാട്സാപ്പ് ആപ്ലിക്കേഷനിൽ അയച്ച സന്ദേശം 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറും മെറ്റാ കമ്പനി അവതരിപ്പിച്ചു.
ഫോട്ടോകളും വീഡിയോകളും മറ്റൊരാൾക്ക് അയക്കുമ്പോൾ അടിക്കുറിപ്പുകൾ ചേർക്കാനുള്ള സൗകര്യം നേരത്തെ തന്നെ നിലവിലുണ്ട്. അടിക്കുറിപ്പ് എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഉള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.