ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണസ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ 'നിസാര്‍' ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഇന്ന് വിക്ഷേപിക്കും. വൈകീട്ട് 5.40-നായിരിക്കും നിസാറിനെയും വഹിച്ച് ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് കുതിക്കുക. 743 കിലോമീറ്റര്‍ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ ചുറ്റുക.
ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാന ദൗത്യം. 12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും വിവരങ്ങള്‍ രാപകല്‍ഭേദമന്യേ ശേഖരിക്കും. പ്രകൃതിദുരന്ത സാധ്യതകള്‍ കണ്ടെത്താനും കാരണങ്ങള്‍ വിലയിരുത്താനുമുള്ള വിവരങ്ങള്‍ ലഭിക്കുമെന്നതും നിസാറിന്റെ പ്രത്യേകതയാണ്.