ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പുതിയ നിർദേശങ്ങൾ പുറത്തിറങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷനാണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ നിർദേശങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റുമായി ബന്ധപ്പെട്ടാണ് പ്രധാന നിർദേശം. പുതിയ നിർദേശം അനുസരിച്ച്, നവജാതശിശുക്കൾക്ക് ഉൾപ്പെടെ ഇനി ആധാറിന് എൻറോൾ ചെയ്യാൻ സാധിക്കും.ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ആധാർ എടുക്കുമ്പോൾ ബയോമെട്രിക്‌സ്, അതായത് വിരലടയാളവും കൃഷ്ണമണി രേഖയും ആവശ്യമില്ല.
എൻറോൾ ചെയ്യുമ്പോൾ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെതന്നെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കുന്നത് ഭാവിയിൽ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഏറെ സഹായകമാകും.
കുട്ടികളുടെ ആധാർ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം എന്നതാണ്.
കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലുമാണ് ഇത് നിർബന്ധമായും ചെയ്യേണ്ടത്.
ഈ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കലിന് ഒരു സമയപരിധിയുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ചു വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴുവയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽസൗകര്യം ലഭ്യമാകുകയുള്ളൂ. ഈ സമയപരിധി കഴിഞ്ഞാൽ നൂറുരൂപ ഫീസായി ഈടാക്കും. കൃത്യസമയത്ത് പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ ഭാവിയിൽ അസാധുവാകാനും സാധ്യതയുണ്ട്.
സ്‌കോളർഷിപ്പ് ലഭിക്കുന്നതിനും, റേഷൻകാർഡിൽ പേരുചേർക്കുന്നതിനും, സ്‌കൂൾ പ്രവേശനത്തിനും, വിവിധ എൻട്രൻസ്/മത്സരപ്പരീക്ഷകൾക്കും, ഡിജിലോക്കർ സേവനങ്ങൾക്കും, പാൻകാർഡിനും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ആധാർ നിർബന്ധമാണ്.
ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാൻ നിങ്ങളുടെ ആധാറിൽ മൊബൈൽനമ്പറും ഇ-മെയിലും നൽകുന്നത് ഏറെ പ്രയോജനകരമാകും.
അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ പേരുചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ, മൊബൈൽനമ്പർ, ഇ-മെയിൽ ഉൾപ്പെടുത്തൽ തുടങ്ങിയ സേവനങ്ങളെല്ലാം അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ് .ആധാറുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾക്കും പരാതികൾക്കും സിറ്റിസൺ കോൾ സെന്ററുമായി ബന്ധപ്പെടാം. നമ്പർ: 0471-2335523. ഐടി മിഷനിലെ ആധാർ സെക്ഷനുമായി ബന്ധപ്പെടാനുള്ള നമ്പർ 0471-2525442 ആണ്.