പുരാതനകാലം മുതൽക്കുള്ള ആ സ്വപ്നം ഇന്നിതാ യാഥാർഥ്യമാക്കി. ഈയത്തെ സ്വര്‍ണ്ണമാക്കിയിരിക്കുകയാണ് ഭൗതികശാസ്ത്രജ്ഞര്‍. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ (LHC) ഭൗതികശാസ്ത്രജ്ഞരാണ് അപൂർവമായ നേട്ടം കൈവരിച്ചത്. താല്‍ക്കാലികമായിട്ടാണെങ്കിലും ഈയത്തെ വിജയകരമായി സ്വര്‍ണ്ണമാക്കി.
ഈയത്തിന്റെ അണുകേന്ദ്രങ്ങളുടെ അതിതീവ്ര കൂട്ടിയിടികളില്‍, സ്വര്‍ണ്ണത്തിന്റെ അണുകേന്ദ്രങ്ങള്‍ രൂപം കൊള്ളുന്നത് ഗവേഷകര്‍ നിരീക്ഷിച്ചു.ഫിസിക്കല്‍ റിവ്യൂ ജേണല്‍സില്‍ പ്രസിദ്ധീകരിച്ച ALICE കൊളാബറേഷന്‍ റിപ്പോര്‍ട്ടില്‍ സേണിന്റെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഈയം സ്വര്‍ണ്ണമായി മാറുന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.സാധാരണ ലോഹമായ ഈയത്തെ വിലയേറിയ ലോഹമായ സ്വര്‍ണ്ണമാക്കി മാറ്റുന്നത് മധ്യകാല ആല്‍ക്കെമിസ്റ്റുകളുടെ സ്വപ്നമായിരുന്നുവെന്ന് സേണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഈയവും സ്വര്‍ണ്ണവും വ്യത്യസ്ത രാസമൂലകങ്ങളാണെന്നും ഒന്നിനെ മറ്റൊന്നാക്കി മാറ്റാന്‍ രാസപരമായ രീതികള്‍ക്ക് കഴിയില്ലെന്നും വ്യക്തമായത് വളരെക്കാലം കഴിഞ്ഞാണ്.ഇരുപതാം നൂറ്റാണ്ടില്‍ ആണവ ഭൗതികശാസ്ത്രത്തിന്റെ ഉദയത്തോടെ ഭാരമേറിയ മൂലകങ്ങള്‍ക്ക് സ്വാഭാവികമായോ, റേഡിയോ ആക്ടീവ് വിഘടനത്തിലൂടെയോ, അല്ലെങ്കില്‍ പരീക്ഷണശാലയില്‍ ന്യൂട്രോണുകളുടെയോ പ്രോട്ടോണുകളുടെയോ വര്‍ഷം കൊണ്ടോ മറ്റൊന്നായി രൂപാന്തരപ്പെടാന്‍ കഴിയുമെന്ന് കണ്ടെത്തി. ഇതിനുമുമ്പ് സ്വര്‍ണ്ണം കൃത്രിമമായി ഈ രീതിയില്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും, LHC-യില്‍ ഈയത്തിന്റെ അണുകേന്ദ്രങ്ങള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ (near-miss collisions) ഉള്‍പ്പെടുന്ന ഒരു പുതിയ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ ഈയം സ്വര്‍ണ്ണമായി മാറ്റിയിരിക്കുന്നത്.