ഐഎസ്ആർഒയുടെ ഏറ്റവും പുതിയ വാണിജ്യ ദൗത്യമായ എൽവിഎം 3 എം 6 വിക്ഷേപണം വൻ വിജയം. അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈൽസിന്റ 'ബ്ലൂ ബേർഡ് ബ്ലോക്ക് 2' എന്ന ഉപഗ്രഹത്തെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. 6100 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ആകെ ഭാരം.
എൽവിഎം 3 വിക്ഷേപണ വാഹനത്തിന്റെ തുടർച്ചയായ ഒൻപതാം വിജയമാണ് ഇന്നുണ്ടായത്. ഇതോടെ ഈ റോക്കറ്റിന്റെ വിശ്വസ്തതയും നൂറ് ശതമാനം കാര്യക്ഷമതയും ആഗോള തലത്തിൽ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. വെറും രണ്ട് മാസത്തെ ഇടവേളയിൽ രണ്ട് എൽവിഎം 3 ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് ഐഎസ്ആർഒയുടെ പ്രവർത്തന വേഗതയുടെ വലിയ ഉദാഹരണമാണ്.
മൊബൈൽ ടവറുകളോ ഒപ്റ്റിക് ഫൈബർ കേബിളുകളോ ഇല്ലാതെ ബഹിരാകാശത്ത് നിന്ന് നേരിട്ട് സാധാരണ മൊബൈൽ ഫോണുകളിലേക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ബ്ലൂ ബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. ആഗോള വാണിജ്യ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഈ വിജയം വലിയ രീതിയിൽ സഹായിക്കും. 2025-ലെ ഐഎസ്ആർഒയുടെ ഏറ്റവും നിർണ്ണായകമായ ദൗത്യങ്ങളിൽ ഒന്നായാണ് ഇതിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്.