Share this Article
News Malayalam 24x7
പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്പുകൾ പുനഃസ്ഥാപിച്ച് ഗൂഗിള്‍
Google restores removed apps from Play Store

സര്‍വീസ് ഫീസ് പേയ്മെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഗൂഗിള്‍ ചില ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെ കമ്പനി തീരുമാനം പിന്‍വലിച്ച് ഇന്ത്യന്‍ ആപ്പുകളില്‍ ചിലത് ഗൂഗിള്‍ പുനഃസ്ഥാപിച്ചിരിക്കുകയാണ്. 

സംഭവം ചര്‍ച്ചയായതിന് പിന്നാലെ ബന്ധപ്പെട്ട കക്ഷികളുടെ യോഗം കേന്ദ്ര ഐടി മന്ത്രാലയം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ ഗൂഗിളിന്റെ നടപടിക്കെതിരെയുള്ള വിയോജിപ്പ് അറിയിക്കുകയും ഇത് അനുവദിക്കില്ലെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നൗക്കരി, 99 ഏക്കേഴ്‌സ്, നൗക്കരി ഗള്‍ഫ് ഉള്‍പ്പടെയുള്ള ഇന്‍ഫോ എഡ്ജിന്റെ ആപ്പുകളാണ് ഗൂഗിള്‍ തിരികെ എത്തിച്ചിരിക്കുന്നത്. പീപ്പിള്‍സ് ഗ്രൂപ്പിന്റെ ശാദിയും തിരിച്ചെത്തിയിട്ടുണ്ട്. വൈകാതെ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം മാട്രിമോണി അടക്കം ഏതാനും ഇന്ത്യന്‍ ആപ്പുകള്‍ക്കാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയത്.

പ്ലേ സ്റ്റോറില്‍ നിന്ന് ഇവ പ്രയോജനമുണ്ടാക്കുന്നുണ്ടെന്നും എന്നിട്ടും ഇവരില്‍ പലരും ഫീസ് അടക്കുന്നില്ലെന്നും ചൂണ്ടികാട്ടിയാണ് ഗൂഗിള്‍ നടപടി സ്വീകരിച്ചത്. 10 കമ്പനികള്‍ക്കെതിരെയായിരുന്നു നടപടി എടുത്തത്. ഭാരത് മാട്രിമോണി ആപ്പുകളുടെ മാതൃകമ്പനിയായ മാട്രിമോണി ഡോട്ട് കോം, ജീവന്‍സാതി പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ഫോ എഡ്ജ് എന്നിവയ്ക്കാണ് നോട്ടീസ് അയച്ചത്.

ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ മാട്രിമോണി ഡോട്ട് കോമിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. നിലവില്‍ ഇന്ത്യയിലെ രണ്ട് ലക്ഷം ആപ്പുകളില്‍ മൂന്ന് ശതമാനം ആപ്പുകള്‍ക്ക് മാത്രമാണ് സര്‍വീസ് ഫീ ചുമത്തിയിട്ടുള്ളതെന്നാണ് ഗൂഗിള്‍ പറയുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories