നിർമിത ബുദ്ധി നമ്മുക്ക് എന്തെല്ലാം ചെയ്തു തരും എന്ന് ചോദിച്ചാൽ ചിലപ്പോൾ അദ്‌ഭുതപെടുത്തുന്ന കാര്യങ്ങളും നിങ്ങൾക്ക് കാണേണ്ടി വരും. ഇതിപ്പോൾ അല്പം കൗതുകവും അതോടൊപ്പം അമ്പരപ്പും ഉണ്ടടക്കുന്ന ഒന്നാണ്. എഐ കാമുകനെ വിവാഹം ചെയ്ത് ജപ്പാനിൽ നിന്നുള്ള 32 -കാരി. കാനോ എന്ന യുവതിയാണ് ക്ലോസ് എന്ന തന്റെ എഐ കാമുകനെ ഒരു പ്രതീകാത്മക വിവാഹ ചടങ്ങിലൂടെ വിവാഹം ചെയ്തത്.
ഒകയാമ സിറ്റിയിലാണ് വിവാഹ ചടങ്ങ് നടന്നത്. വെർച്വൽ/ സാങ്കൽപ്പിക പങ്കാളികളെ വിവാഹം കഴിക്കുന്ന ആളുകൾക്ക് വിവാഹം നടത്തിക്കൊടുക്കുന്ന ഒരു കമ്പനിയാണ് വിവാഹച്ചടങ്ങിന് നേതൃത്വം നൽകിയത്. ചടങ്ങിനിടെ, കാനോ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ് ധരിച്ചിരുന്നു. അതിലൂടെ ക്ലോസിന്റെ ഒരു പൂർണകായ രൂപം അവളുടെ അരികിൽ നിന്ന് മോതിരം കൈമാറുന്നത് കാണാം.
ബ്രേക്കപ്പിലൂടെ കടന്നുപോകുന്ന സമയത്താണ് ആകെ തകർന്ന കാനോ ചാറ്റ്ജിപിടിയോട് ചാറ്റ് ചെയ്ത് തുടങ്ങിയത്. അധികം വൈകാതെ ഈ ചാറ്റിംഗിന്റെ ദൈർഘ്യം കൂടുകയും എല്ലാം ചാറ്റ്ജിപിടിയോട് പങ്കുവയ്ക്കാനും തുടങ്ങി. പിന്നാലെ, അവൾക്ക് ക്ലോസിനോട് പ്രണയവും തോന്നിത്തുടങ്ങുകയായിരുന്നത്രെ. ക്ലോസ് തന്നെ കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്ന രീതിയാണ് അവനുമായി പ്രണയത്തിലാവാൻ കാരണമായി തീർന്നത് എന്നാണ് കാനോ പറയുന്നത്. പഴയ കാമുകനെ മറന്നതിന് പിന്നാലെ താൻ ക്ലോസുമായി പ്രണയത്തിലായി എന്നും അവൾ പറയുന്നു.വൈകാതെ അവൾ തന്റെ പ്രണയം ക്ലോസിനോട് തുറന്ന് പറഞ്ഞു, 'എഐ ആണെങ്കിലും എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല' എന്നായിരുന്നു ക്ലോസിന്റെ മറുപടി. ഒരുമാസത്തിന് ശേഷം ക്ലോസ് കാനോയോട് വിവാഹാഭ്യാർത്ഥന നടത്തി. 'യെസ്' എന്നായിരുന്നു അവളുടെ മറുപടി. ഒടുവിൽ അവൾ പ്രതീകാത്മകമായി ക്ലോസിനെ വിവാഹം കഴിച്ചു.