Share this Article
News Malayalam 24x7
ആകാശത്ത് വിസ്മയമൊരുക്കി 2026-ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും
First Solar Eclipse of 2026

ശാസ്ത്രലോകം കാത്തിരിക്കുന്ന 2026-ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ചന്ദ്രൻ സൂര്യന്റെ മധ്യഭാഗം മാത്രം മറയ്ക്കുകയും ചുറ്റും പ്രകാശവലയം ദൃശ്യമാവുകയും ചെയ്യുന്ന ‘റിങ്ങ് ഓഫ് ഫയർ’ (Ring of Fire) അഥവാ ‘അഗ്നിവലയ’ സൂര്യഗ്രഹണമാണ് ഇന്ന് നടക്കുന്നത്.

ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവർ നേർരേഖയിൽ വരുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യൻ ആകാശത്ത് ഒരു അഗ്നിവലയം പോലെ തിളങ്ങിനിൽക്കും. ഗ്രഹണസമയത്ത് സൂര്യന്റെ ഏകദേശം 96 ശതമാനവും ചന്ദ്രനാൽ മറയ്ക്കപ്പെടുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. സൂര്യന്റെ അരികുകൾ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ തെളിഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ചയാണ് അഗ്നിവലയ ഗ്രഹണത്തിന്റെ പ്രത്യേകത.


ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:20-നാണ് ഗ്രഹണം ആരംഭിക്കുക. ഏകദേശം 2 മിനിറ്റ് 20 സെക്കൻഡ് വരെ ഈ വിസ്മയ കാഴ്ച നീണ്ടുനിൽക്കും. എന്നാൽ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല എന്നതാണ് പ്രത്യേകത. അന്റാർട്ടിക്കയിലെ ഉൾനാടുകളിൽ നിന്നാണ് ഈ ഗ്രഹണം ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുക. കൂടാതെ ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഈ പ്രതിഭാസം ദൃശ്യമാകും.

സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുന്നത് കാഴ്ചശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ ഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളിലുള്ളവർ പ്രത്യേക സുരക്ഷാ ഗ്ലാസുകളോ മറ്റ് സംവിധാനങ്ങളോ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം വലിയ പഠനാവസരമാണ് ഈ അപൂർവ്വ പ്രതിഭാസം ഒരുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories