ആമസോണിൽ അടുത്തിടെ നടന്ന കൂട്ടപ്പിരിച്ചുവിടലിന് കാരണം നിർമിത ബുദ്ധി (AI) അല്ലെന്ന് സി.ഇ.ഒ. ആൻ്റി ജാസി വ്യക്തമാക്കി. 2017 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ വലിയ വർധനവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ചുകാലമായി ആമസോണിൽ AI സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ, AI ആണ് തൊഴിലാളികളെ പിരിച്ചുവിടുന്നതിന് പിന്നിലെ പ്രധാന കാരണം എന്ന തരത്തിൽ വലിയതോതിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായാണ് ആമസോൺ മേധാവി ആൻ്റി ജാസി രംഗത്തെത്തിയത്.
2022-ന് ശേഷം കമ്പനി നടത്തിയ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. ആകെ 14,000 തൊഴിലാളികൾക്കാണ് ഈ നടപടിയിലൂടെ ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിടലിന്റെ ഭാഗമായി, കമ്പനി തൊഴിലാളികൾക്ക് ഔദ്യോഗിക ഇ-മെയിൽ അയച്ചിരുന്നു.
ജീവനക്കാരുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ്, കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇത് കമ്പനിയുടെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നതിനും കാരണമായെന്നും ആൻ്റി ജാസി പറഞ്ഞു. AI അല്ല, മറിച്ച് പ്രവർത്തനപരമായ കാര്യക്ഷമതയില്ലായ്മയാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്ന് സി.ഇ.ഒ.യുടെ വിശദീകരണത്തിലൂടെ വ്യക്തമാകുന്നു.