AI സർവ്വ മേഖലകളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞെങ്കിലും കൃത്രിമ ബുദ്ധി എത്രമാത്രം ഗുണകരമാണ് എന്നതിനൊപ്പം അത് ഉണ്ടാക്കുന്ന അപകട സാധ്യതകളും അറിഞിരിക്കേണ്ടതാണ്. ചിലർ AIയുടെ വരവിനെ അത്ര ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുമ്പോഴാണ് ചൈനയിൽ നിന്ന് അത്ര സുഖകരമല്ലാത്ത ഒരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഫാക്ടറിയിൽ റോബോട്ടിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരീക്ഷണത്തിനിടെ അവിടുത്തെ തൊഴിലാളിയെ റോബോട്ട് ആക്രമിക്കുകയായിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവന്നു.രണ്ട് ജീവനക്കാർക്ക് അരികിലായി ഒരു ക്രെയിനിൽ തൂങ്ങി കിടക്കുന്ന റോബോട്ട് ആണ് ആക്രമണ സ്വഭാവം കാണിച്ചത്. തീർത്തും അപ്രതീക്ഷിതമായി റോബോട്ട് സജീവമാവുകയും ആക്രമണാത്മകമായി കൈകളും കാലുകളും ചലിപ്പിക്കുകയും ചെയ്യുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ തൊഴിലാളികൾ അമ്പരപ്പോടെയും ഭയത്തോടെയും നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് തന്നെ റോബോ തൊഴിലാളികളിൽ ഒരാളെ പിന്തുടരാൻ ശ്രമിക്കുന്നു. റോബോ ലക്ഷ്യമിട്ട തൊഴിലാളി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഒടുവിൽ ജീവനക്കാരിൽ ഒരാൾ അതിന്‍റെ പവർ ഓഫ് ചെയ്തതോടെയാണ് പ്രശ്നങ്ങൾ ശാന്തമായത്.
യന്ത്രങ്ങളുമായുള്ള ഒരു യുദ്ധത്തിൽ ചിലപ്പോൾ മനുഷ്യന് വിജയിക്കാൻ സാധിച്ചുവെന്ന് വരികയില്ല എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.വീഡിയോ വൈറൽ ആയതോടെ റോബോട്ടിക്സും എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സംഭവിച്ചേക്കാവുന്ന അപകട സാധ്യതകളെക്കുറിച്ച് നിരവധി പേർ ആശങ്ക ഉയർത്തി.കഴിഞ്ഞ മാസം ബെയ്ജിങ്ങിൽ ഇരുപത്തിയൊന്ന് കിലോമീറ്റർ ഹാഫ് മാരത്തോണിൽ ഹ്യൂമനോയിഡ് മെഷീനുകൾ മനുഷ്യർക്ക് ഒപ്പം ഓട്ട മത്സരം നടത്തിയിരുന്നു. റോബോട്ടുകൾ എല്ലാം ഫിനിഷിങ് പോയിന്‍റിൽ എത്തിയിട്ടില്ല. മത്സരം തുടങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ഒന്ന് കുഴഞ്ഞുവീണു, മിനിറ്റുകളോളം അനങ്ങാതെ കിടന്ന് വീണ്ടും കാലുകൾ ഉറപ്പിച്ചു. കുറച്ച് ചുവടുകൾ മാത്രം വെച്ചതിന് ശേഷം വീണ്ടും വീണു. ചില യന്ത്രങ്ങൾ ഫിനിഷിങ് ലൈനിലെത്തി. പക്ഷേ അവ മനുഷ്യരെക്കാൾ പിന്നിലായി.
പരീക്ഷണത്തിനിടെ തൊഴിലാളികളെ ആക്രമിച്ച് എ.ഐ റോബോട്ട് വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം