Share this Article
Union Budget
UPI-യുടെ പുതിയ നിയമങ്ങൾ: നിങ്ങൾ അറിയേണ്ടതെല്ലാം!
വെബ് ടീം
23 hours 47 Minutes Ago
4 min read
New UPI rules starting August 1

ഡിജിറ്റൽ പണമിടപാടുകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഒന്നാണ് യുപിഐ. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, അതായത് NPCI, യുപിഐ ഉപയോഗിക്കുന്നവർക്കായി ചില പ്രധാന മാറ്റങ്ങൾ കൊണ്ടുവരികയാണ്. 2025 ആഗസ്റ്റ് 1 മുതൽ ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. എന്തൊക്കെയാണ് ഈ മാറ്റങ്ങൾ? ഇത് നിങ്ങളെ എങ്ങനെ ബാധിക്കും? വിശദമായി നോക്കാം !


യുപിഐ സംവിധാനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം. ബാങ്കുകൾക്കും പേയ്‌മെന്റ് സർവീസ് പ്രൊവൈഡർമാർക്കും NPCI ചില കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ബാലൻസ് ചെക്കിംഗ്, ഓട്ടോപേ, ട്രാൻസാക്ഷൻ സ്റ്റാറ്റസ് അറിയുക തുടങ്ങിയ  പത്തോളം സേവനങ്ങളുടെ ഉപയോഗത്തിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ വരുന്നത്. ഇനിമുതൽ, ദിവസത്തിലെ ചില സ്‌പെസിഫിക് ടൈം സ്ലോട്ടുകളിൽ മാത്രമേ ഈ സൗകര്യങ്ങൾ പൂർണ്ണമായി ഉപയോഗിക്കാൻ കഴിയൂ.2025 മെയ് 21-ന് NPCI പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, ബാങ്കുകളും പേയ്‌മെന്റ് സർവീസ് പ്രൊവൈഡർമാരും യുപിഐയിലേക്ക് അയക്കുന്ന എല്ലാ API അഭ്യർത്ഥനകളും കൃത്യമായി നിരീക്ഷിക്കണം.

 

നിയമങ്ങൾ പാലിച്ചില്ലെങ്കിൽ, ബാങ്കുകൾക്കും യു പി ഐ സേവന ദാതാക്കൾക്കുമെതിരെ പിഴ ചുമത്തുകയോ, API ഉപയോഗം നിയന്ത്രിക്കുകയൊ ചെയ്യും, അല്ലെങ്കിൽ പുതിയ ഉപഭോക്താക്കളെ ചേർക്കാനുള്ള അനുമതി റദ്ദാക്കും. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ബാലൻസ് പരിശോധിക്കുന്നതിലാണ്. ഓഗസ്റ്റ് 1 മുതൽ, ഓരോ യുപിഐ ആപ്പിലും ഒരു ഉപഭോക്താവിന് ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. അതായത്, നിങ്ങൾ പേടിഎം, ഫോൺപേ എന്നിങ്ങനെയുള്ള ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഓരോ ആപ്പിലും ഈ 50 എന്ന പരിധി ബാധകമാകും.നമ്മുടെ ബില്ലുകൾ, SIP, വിവിധ സബ്സ്ക്രിപ്ഷനുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന യുപിഐ ഓട്ടോപേ സൗകര്യത്തിലും മാറ്റങ്ങൾ വരുന്നു. ഇനിമുതൽ ഓട്ടോപേ പ്രധാനമായും നടക്കുക തിരക്കില്ലാത്ത സമയങ്ങളിലായിരിക്കും.പുതിയ നിർദ്ദേശമനുസരിച്ച്, ഓട്ടോപേയ്ക്കായി ഒരു പ്രധാന ശ്രമവും, പിന്നീട് ഓരോ മാൻഡേറ്റിനും പരമാവധി മൂന്ന് ശ്രമങ്ങൾ തിരക്കില്ലാത്ത സമയങ്ങളിൽ മിതമായ വേഗതയിലും നടത്താം. നിങ്ങൾക്ക് തിരക്കുള്ള സമയങ്ങളിൽ ഓട്ടോപേ മാൻഡേറ്റുകൾ ഉണ്ടാക്കാമെങ്കിലും, പണം പോകുന്നത് തിരക്കില്ലാത്ത സമയങ്ങളിലായിരിക്കും.


ഒരു ഇടപാട് നടന്നോ ഇല്ലയോ എന്ന് പരിശോധിക്കുന്ന 'ചെക്ക് ട്രാൻസാക്ഷൻ API' ഉപയോഗിക്കുന്നതിലും മാറ്റങ്ങളുണ്ട്. ഒരു ട്രാൻസാക്ഷൻ ഓതന്റിക്കേറ്റ് ചെയ്ത്, 90 സെക്കൻഡ് കഴിഞ്ഞിട്ട് മാത്രമേ ബാങ്കുകളും പേയ്‌മെൻ്റ് സർവീസ് പ്രൊവൈഡർമാരും അതിൻ്റെ സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ പാടുള്ളൂ. അതുപോലെ, രണ്ട് മണിക്കൂറിനുള്ളിൽ മാക്സിമം മൂന്ന് പ്രാവശ്യം മാത്രമേ ഇങ്ങനെ സ്റ്റാറ്റസ് നോക്കാൻ പാടുള്ളൂ. ഇനി, ചില സ്പെസിഫിക് എറർ കോഡുകൾ കാണിക്കുകയാണെങ്കിൽ, ട്രാൻസാക്ഷൻ ഫെയിൽ ആയി എന്ന് മനസിലാക്കി സ്റ്റാറ്റസ് ചെക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.


നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ കാണാനുള്ള 'ലിസ്റ്റ് അക്കൗണ്ട്' അഭ്യർത്ഥനയും ഇനി പരിമിതപ്പെടുത്തും. ഓരോ ആപ്പിലും ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ 25 തവണ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ. അതും, നിങ്ങൾ യുപിഐ ആപ്പിൽ ബാങ്കിനെ തിരഞ്ഞെടുത്തതിന് ശേഷവും നിങ്ങളുടെ അനുമതിയോടെയും മാത്രമേ വീണ്ടും ശ്രമിക്കാൻ പാടുള്ളൂ. കൂടാതെ, എല്ലാ ബാങ്കുകളും അവരുടെ സിസ്റ്റങ്ങൾ CERT-In അംഗീകൃത ഓഡിറ്റർമാരെക്കൊണ്ട് വർഷംതോറും ഓഡിറ്റ് ചെയ്യിക്കണം. ഇതിൻ്റെ ആദ്യ റിപ്പോർട്ട് 2025 ഓഗസ്റ്റ് 31-നകം സമർപ്പിക്കണം.

ഈ മാറ്റങ്ങൾ നമ്മുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളെ വലിയ തോതിൽ ബാധിക്കുമോ? നമുക്ക് പരിശോധിക്കാം


ഈ പത്ത് കാര്യങ്ങളിൽ  ഓട്ടോപേ മാൻഡേറ്റ് ഒഴികെ ബാക്കിയുള്ളവ സാമ്പത്തികേതര സേവനങ്ങളാണ്. അതുകൊണ്ട് തന്നെ, തിരക്കുള്ള സമയങ്ങളിലെ പണം അയക്കൽ പോലുള്ള സാമ്പത്തിക ഇടപാടുകൾക്ക് വലിയ തടസ്സമുണ്ടാകാൻ സാധ്യതയില്ല എന്നാണ് വിദഗ്ദർ പറയുന്നത്. തീർച്ചയായും, ഈ പുതിയ നിയമങ്ങൾ തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. എന്നാൽ യുപിഐ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും, സ്ഥിരതയുള്ളതും, മികച്ചതുമാക്കുക എന്നതാണ് NPCI-യുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ, ഈ മാറ്റങ്ങളെ നമുക്ക് പോസിറ്റീവായി സമീപിക്കാം. യുപിഐ ഉപയോഗിക്കുമ്പോൾ ഈ പുതിയ നിർദ്ദേശങ്ങൾ ഓർമ്മയിലിരിക്കട്ടെ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories