Share this Article
News Malayalam 24x7
ആക്‌സിയം മിഷന്‍-4; ശുഭാന്‍ഷു ശുക്ലയും സംഘവും പ്രീ-ലോഞ്ച് ക്വാറന്റൈനില്‍ പ്രവേശിച്ചു
Shubhanshu Shukla and Ax-4 Crew Enter Pre-Launch Quarantine

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്‌സിയം മിഷന്‍-4 ന് തയ്യാറെടുക്കുന്നതിനായി ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാന്‍ഷു ശുക്ലയും സംഘവും പ്രീ-ലോഞ്ച് ക്വാറന്റൈനില്‍ പ്രവേശിച്ചു. ജൂണ്‍ 8 ന് നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ദൗത്യം വിക്ഷേപിക്കും.


വിക്ഷേപണത്തിന് 14 മുതല്‍ 10 ദിവസം വരെ മുന്‍പായാണ് ദൗത്യത്തിനുള്ള അംഗങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിക്കുക. ഇവരുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും പരിശോധനകള്‍ നടത്തുന്നതിനുമെല്ലാമായി ഒരു സപ്പോര്‍ട്ട് ഗ്രൂപ്പും ഒപ്പമുണ്ടാവും. വിക്ഷേപണ കേന്ദ്രത്തില്‍ തന്നെ ഒരുക്കിയിട്ടുള്ള നിയന്ത്രിത സൗകര്യത്തിലാണ് ക്വാറന്റീന്‍. പൊതുജനങ്ങളില്‍ നിന്ന് കര്‍ശനമായ ഒറ്റപ്പെടല്‍, മെച്ചപ്പെട്ട ശുചിത്വ നടപടികള്‍, ദൈനംദിന ആരോഗ്യ നിരീക്ഷണം, പരിമിതമായ ശാരീരിക സമ്പര്‍ക്കം എന്നിവ ക്വാറന്റീന്‍ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുന്നു. ദൗത്യം സംബന്ധിച്ച അന്തിമ വിവരണങ്ങളും പരിശീലന വ്യായാമങ്ങളും ഈ കാലയളവിലാണ് നടത്തുന്നത്. 

ജൂണ്‍ 8 ന് ഇന്ത്യന്‍ സമയം വൈകീട്ട് 6.41 നാണ് ആക്‌സിയം 4 വിക്ഷേപണം നടക്കുക. ബഹിരാകാശ രംഗത്തെ ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ ഭാഗമായാണ് ആക്‌സിയം 4ല്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിക്കുന്നത്. 1984ല്‍ സഞ്ചരിച്ച രാകേഷ് ശര്‍മ്മയാണ് ഇതുവരെ ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍. ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാലംഗ വ്യോമസേനാ സംഘത്തിലെ ഒരാളാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍ എന്നിവരാണ് ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍. 

നാസ, അമേരിക്കന്‍ സ്വകാര്യ കമ്പനികളായ ആക്‌സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ഐഎസ്ആര്‍ഓ ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories