ട്വിറ്റർ സ്ഥാപകനായ ഇലോൺ മസ്കും സക്കർബർഗും തമ്മിലുള്ള തുറന്ന യുദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതിൻറെ ആദ്യ തുടക്കമായാണ് ട്വിറ്ററിന് സമാനമായ അല്ലെങ്കിൽ ട്വിറ്ററിനെ വെല്ലുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി സക്കർബർഗ് എത്തിയിരിക്കുന്നത്.
ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് എഴുത്തിലൂടെ ആശയവിനിമയം നടത്തുക എന്ന നിലയിലാണ് മെറ്റ അവതരിപ്പിക്കുന്നത്.
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഉപയോക്താക്കളെ വെറുപ്പിക്കുന്ന തരത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. ആദ്യഘട്ടങ്ങളിൽ സൗജന്യമായി നൽകിയ പല സേവനങ്ങൾക്കും ട്വിറ്റർ പണം ഈടാക്കി തുടങ്ങി. കൂടാതെ ഉപഭോക്താക്കൾക്ക് ഒരു ദിവസം വായിക്കാവുന്ന ട്വീറ്റ്കളുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചു. ഇതെല്ലാം ഉപയോക്താക്കളെ വലിയ രീതിയിൽ അസ്വസ്ഥരാക്കി.
ഈ സാധ്യത മുതലെടുത്തു കൊണ്ട് എല്ലാ സേവനങ്ങളും സൗജന്യമായും , പോസ്റ്റുകൾ കാണുന്നതിന് പരിധി ഇല്ലാതെയുമാണ് സക്കർബർഗ് ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചാണ് ത്രെഡസിന്റെ പ്രവർത്തനം. അതുകൊണ്ടുതന്നെ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളിൽ വലിയൊരു ഭാഗം ആളുകളെ ത്രെഡ്സിലേക്ക് ആകർഷിക്കാൻ മെറ്റയ്ക്ക് സാധിച്ചേക്കും. കുടാതെ ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ജനപ്രീതി ത്രെഡ്‌സിന് പ്രയോജനകരമാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആപ്പ് പുറത്തിറങ്ങി 4 മണിക്കൂറിനുള്ളിൽ 5 മില്യൺ ആളുകളാണ് സൈൻ അപ്പ് ചെയ്തത്. ഇതിന് പിന്നാലെ ട്വിറ്ററിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും ത്രെഡ്സിൽ വന്നു തുടങ്ങി.