ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന പല പ്രഖ്യാപനങ്ങളും ആപ്പിളിന്റെ വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറൻസിൽ(WWDC) ഉണ്ടാകാറുണ്ട്. അത്തരത്തിൽ വിപ്ലവകരമായ ഒരു അവതരണത്തിനാണ് ഈ പ്രാവശ്യം സാക്ഷ്യം വഹിച്ചത്.വിഷൻ പ്രോയെന്ന വിസ്മയ ഉപകരണത്തിന്റെ അവതരണം.
പുതിയതരം കംപ്യൂട്ടറെന്നാണ് ആപ്പിൾ മേധാവി ടിം കുക്ക് ഈ എആർ ഹെഡ്സെറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്.കണ്ണുകൾ, കൈകൾ, ശബ്ദം എന്നിവ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം.സാധാരണ ഒരു വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് അല്ല ഇത്. ധരിച്ചാൽ പുറത്തുള്ള കാഴ്ചകളെല്ലാം കാണാം. നമ്മുടെ ചുറ്റുപാടുകളെ പശ്ചാത്തലമാക്കി നമുക്കുമുന്നിൽ ഓഗ്മെന്റഡ് റിയാലിറ്റിയായി ദൃശ്യങ്ങൾ കാണാം. ഫോണുകളും പാഡുകളും ലാപ്ടോപ്പുകളുമുൾപ്പടെയുള്ള മറ്റെല്ലാ ഉപകരണങ്ങളെയും അൽപം പിന്നിലാക്കാൻ ശേഷിയുള്ള വിഷൻ പ്രോ വ്യത്യസ്തമാകുന്നത് എങ്ങനെ എന്നറിയാം
മറ്റു വിആർ ഹെഡ്സെറ്റുകളെ അനുസ്മരിപ്പിക്കുന്ന രൂപമാണ് വിഷൻ പ്രോയ്ക്കുമുള്ളത്. പക്ഷേ വിഷൻ പ്രോയുടെ ഡിസ്പ്ലേ സിസ്റ്റത്തിലുള്ളത് 23 മില്യൺ പിക്സൽസാണ് (ഒരോ കണ്ണിനും ഓരോ 4കെ ടിവിപോലെ).
ഒപ്ടിക് ഐഡി എന്ന പേരിൽ ആപ്പിൾ പുതിയതായി അവതരിപ്പിച്ച റെറ്റിന സ്കാൻ കൊണ്ടു വിഷൻ പ്രോയെ അയണ്‍മാൻ സ്റ്റൈലിൽ അൺലോക് ചെയ്യാം.
കീബോർഡും മൗസും കീപാഡുമൊക്കെ മറക്കാം. കാരണം പൂർണമായും സിരിയുടെയും കയ്യുടെ ചലനങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തനം. ഇമയനക്കത്തിൽ ആപ് തുറക്കാം, കൈവിരൽ ചലിപ്പിച്ചു തിരഞ്ഞെടുക്കാം, അല്ലെങ്കിൽ ശബ്ദത്താൽ നിയന്ത്രിക്കാം.
ആലീസിന്റെ അദ്ഭുതലോകത്തെത്തി അവിടെ കുടുങ്ങിപ്പോകാനിടയുണ്ടോയെന്ന ചോദ്യത്തിനു ആപ്പിളിന്റെ മറുപടിയിങ്ങനെ. ഹെഡ്സെറ്റ് ഉപയോഗിക്കുമ്പോൾ ഒരാൾ മുന്നിലെത്തിയാൽ ഐസൈറ്റ് സംവിധാനം ഹെഡ്സെറ്റിനെ ട്രാൻസ്പെരെന്റാക്കി മാറ്റും.
വിവിധ ഒഎസുകളുടെ സാധ്യതകൾ കൂട്ടിയിണക്കി വിഷൻ ഒഎസ് എന്ന ഒരു എകോസിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ആപ്പിള്‍. ആയിരക്കണക്കിനു ഐപാഡ്, ആപ്പിൾ ആപ്പുകൾ നമ്മുടെ കൺമുന്നിലെത്തും.
പരസ്പരം മുഖാമുഖം സംസാരിക്കുന്നതുപോലെ മറ്റൊരു വിഷൻ പ്രോ ഉപയോക്താവിനോടു സംസാരിക്കാനാകും. ആപ്പിളിന്റെ ഏറ്റവും പുതിയ മെഷീൻ ലേണിങ് നമ്മുടെ ശരീര ചലനങ്ങളെപ്പോലും യാഥാർഥ്യത്തോടടുത്തു നിൽക്കുന്നതാക്കി മാറ്റും.
ഒരു മാജിക് കീബോർഡും ട്രാക്ക്പാഡും നമ്മുടെ മുന്നിൽ പ്രത്യക്ഷമാകും, മാകിലെ പ്രവർത്തനങ്ങൾ നമുക്ക് വിഷൻ പ്രോയിൽ നിയന്ത്രിക്കാം എവിടെയിരുന്നു. യാത്ര ചെയ്യുമ്പോഴും നമുക്ക് എഡിറ്റിങ് പോലെയുള്ള കാര്യങ്ങൾ ചെയ്യാനായേക്കാം.
സിനിമകളുടെ കാഴ്ച അനുഭവത്തിനു അതിരുകളില്ല. വലിയ സ്ക്രീനിൽ നമ്മുടെ സ്വകാര്യ കാഴ്ചാമുറിയിൽ നല്ല ദൃശ്യാനുഭത്തോടെയും അനുപമമായ ശബ്ദത്തോടെയും ആസ്വദിക്കാനാകും.
എല്ലാത്തിനും ഒരു നിയന്ത്രണം വേണം!, അതെ അതും ആപ്പിളിനറിയാം. ഹെഡ്സെറ്റ് വശങ്ങളിൽ നൽകുന്ന ഡിജിറ്റല്‍ ക്രൗണുപയോഗിച്ചു നിങ്ങൾക്കു വിർച്വൽ റിയാലിറ്റിയിൽനിന്നും റിയാലിറ്റിയിലേക്കു നിമിഷങ്ങൾക്കുള്ളിൽ വരാനാകും.
ആപ്പിളിന്റെ ആദ്യ ത്രീഡി ക്യാമറ കൂടിയാണ് വിഷൻ പ്രോ. നിങ്ങളുടെ ചുറ്റുമുള്ള കാഴ്ചകൾ യഥാർഥ ലോകത്തു സംഭവിക്കുന്നതുപോലെ വിഡിയോ ദൃശ്യങ്ങളായി ശേഖരിക്കാനാകും. ദൃശ്യമാധ്യമ രംഗത്തു വിപ്ളവമുണ്ടാക്കാനായേക്കാം.
മുഖത്തിനു ചുറ്റും ഒഴുകിയിറങ്ങുന്ന ഒരു ഡിസ്പ്ളേ സംവിധാനം അലൂമിനിയം സങ്കരലോഹ സംവിധാനത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. ലൈറ്റ് സീലിങ് സംവിധാനം വലിയുന്ന മാർദവമായ തുണിയിലും. മുഖത്തു ഭദ്രമായി ഉറപ്പിക്കാൻ ഫ്ളെക്സിബിളായ സ്ട്രാപുമുണ്ട്.