Share this Article
News Malayalam 24x7
ഇസ്രോ-നാസ ദൗത്യത്തിന്‍റെ വിക്ഷേപണം വിജയകരം; നൈസാർ ഭ്രമണപഥത്തിൽ; ഭൂമിയിലെ ചെറിയ ചലനങ്ങൾ പോലും നിരീക്ഷണത്തിലേയ്ക്ക്
വെബ് ടീം
posted on 30-07-2025
1 min read
NISAR

ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് (2025 ജൂലൈ 30) ഇന്ത്യൻ സമയം വൈകുന്നേരം 5:40ഓടെയാണ് വിക്ഷേപിച്ചത്. 2,392 കിലോഗ്രാം ഭാരമുള്ള നൈസാർ ഉപഗ്രഹം GSLV-F16 (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റിലാണ് വിക്ഷേപിച്ചത്.

നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നൈസാർ ഉപഗ്രഹത്തിന് ഏത് കാലാവസ്ഥയിലും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സൂക്ഷ്‌മമായ ഭൗമ നിരീക്ഷണം നടത്താൻ സാധിക്കും. ഉരുൾപൊട്ടൽ, കാട്ടുതീ, വെള്ളപ്പൊക്കം, ഭൂകമ്പം, മഞ്ഞുരുകൽ, അഗ്നിപർവത സ്‌ഫോടനം എന്നിവ മുതൽ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അറിയാനും അവയെക്കുറിച്ച് പഠിക്കാനും നൈസാർ വഴി സാധിക്കും. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം നൈസാർ ഉപഗ്രഹത്തെ 743 കിലോമീറ്റർ അകലെ 98.40 ചരിവുള്ള സൂര്യ-സിൻക്രണസ് ഭ്രമണപഥത്തിലേക്ക് (എസ്‌എസ്‌ഒ) കടത്തിവിട്ടത്.

ഭൂമിയിലെ ചെറിയ കാര്യങ്ങളെ പോലും സൂക്ഷ്‌മമായി നിരീക്ഷിക്കാൻ സാധിക്കുമെന്നതിനാൽ തന്നെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളെ നിർണയിക്കാനും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളെ നിരീക്ഷിക്കാനും ഉപഗ്രഹത്തിന് കഴിയും. മാത്രമല്ല, നൈസാർ ഉപഗ്രഹത്തിലെ വിവരങ്ങൾ പിന്നീടും ഉപകാരപ്പെടും. 12 ദിവസം കൊണ്ട് ഭൂമിയെ പരിക്രമണം ചെയ്യാനാകുന്ന നൈസാർ ഉപഗ്രഹം, ഓരോ 12 ദിവസത്തിലും ഭൂമിയുടെ കരയുടെയും മഞ്ഞുപാളികളുടെയും വിവരങ്ങൾ തരും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories