Share this Article
News Malayalam 24x7
ഡിയേല അധികാരമേറ്റു; ലോകത്തെ ആദ്യത്തെ AI മന്ത്രിയെ വാഴിച്ചു! ശമ്പളം വേണ്ട, കൈക്കൂലി വാങ്ങില്ല; 'ആരും കൊതിച്ചുപോകും ഇങ്ങനെയൊരു ക്യാബിനറ്റ് മന്ത്രിയെ
വെബ് ടീം
17 hours 11 Minutes Ago
1 min read
AI MINISTER

ടിറാന: അങ്ങനെ അൽബേനിയൻ പ്രധാനമന്ത്രി എഡ്വിൻ ക്രിസ്റ്റാക് റാമയുടെ വാക്കുകൾ ഒരു വർഷത്തിനകം പ്രാവർത്തികമായി. അൽബേനിയൻ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത ഏക അം​ഗമാണ് ഇപ്പോൾ ഡിയേല. അതാണ് എ ഐ മന്ത്രിയുടെ പേര്.നിർമ്മിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ മന്ത്രി അൽബേനിയയിൽ ചുമതലയേറ്റു കഴിഞ്ഞു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ് മന്ത്രിയെ നയിക്കുന്നത് എങ്കിലും അവർ കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത കാര്യങ്ങളാണ്.

ഡിയേല (Diella) എന്ന വെർച്വൽ മന്ത്രി രാജ്യത്തെ പൊതുഭരണകാര്യങ്ങളും പൊതുചെലവുകളും നിരീക്ഷിക്കും. അഴിമതിക്ക് എതിരെയും അവരുടെ ഡാറ്റാ പവർ പ്രയോജനപ്പെടുത്തും.പുതിയ ക്യാബിനറ്റ് മന്ത്രി ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും അവധിയെടുക്കില്ല. അഞ്ചു പൈസ പോലും ശമ്പളമായി കൈപ്പറ്റില്ല. അഞ്ചു പൈസ പോലും കോഴ വാങ്ങുകയുമില്ല. പൊതു ധനം വിനിയോഗം ചെയ്യുന്നതിലെ അഴിമതി ഇല്ലാതാക്കാൻ ലോകത്ത് ആദ്യമായി ഏതെങ്കിലും ഒരു രാജ്യം വാഴിച്ചിരിക്കുന്ന ഡിജിറ്റൽ ചാറ്റ്ബോട്ടാണിത്.

സെപ്റ്റംബർ 11 ന് ടിറാനയിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ അസംബ്ലി ചടങ്ങാണ് ഡിയേല പങ്കെടുത്ത ആദ്യ പൊതുപരിപാടി. അവിടെയാണ് എഐ മന്ത്രിയെ അവതരിപ്പിച്ചത്.കഴിഞ്ഞ കുറച്ച് കാലമായി ഡിയേലയ്ക്ക് ഭരണകാര്യങ്ങളിൽ പരിചയവും പരിശീലനവും ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ ഡിജിറ്റൽ പോർട്ടലുകൾ വഴി പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകിവരുന്ന പ്രവർത്തന രംഗത്തായിരുന്നു. അവരങ്ങിനെ ജനകീയ സമ്മതിയും നേടിയിട്ടുണ്ട്.  സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന എല്ലാ ടെൻഡറുകളും അവയിലെ ചെലവുകളും ഡിയേലയുടെ വകുപ്പിന്റെ പരിധിയിലാണ്. കമ്പനികളുടെ യോഗ്യത അന്വേഷിച്ച് വേർതിരിക്കുന്നതും ചുമതലയിലുണ്ട്. തത്ക്കാലം ഈ മന്ത്രിക്ക് വണ്ടിയും അകമ്പടികളും പ്രതിഫവും ഒന്നുമില്ല.

ഈ രംഗത്ത് ആദ്യ ചുവട് വെച്ചത് ഉക്രെയിനാണ്. കഴിഞ്ഞ മെയ് മാസത്തിൽ, വിദേശകാര്യ വിഷയങ്ങളിൽ അപ്‌ഡേറ്റുകൾ നൽകുന്ന AI-ജനറേറ്റഡ് വക്താവായ "വിക്ടോറിയ ഷി യെ" ഉക്രെയ്ൻ ഔദ്യോഗിക ചുമതല നൽകി പുറത്തിറക്കി.

ഡിയേല എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. 2025 ജനുവരിയിൽ ഇ-അൽബേനിയ പ്ലാറ്റ്‌ഫോമിൽ വെർച്വൽ അസിസ്റ്റന്റായി ഇത് അവതരിപ്പക്കപ്പെട്ടു.പൗരന്മാർക്ക് ടെക്സ്റ്റ്, വോയ്‌സ് ഇന്ററാക്ഷൻ പിന്തുണ നൽകുന്നതിനായി AKSHI യുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയാണ് ഡിയെല്ലയെ പിന്തുണച്ചത്. പരമ്പരാഗത അൽബേനിയൻ വസ്ത്രത്തിൽ ആനിമേറ്റഡ് അവതാർ പ്രതിനിധീകരിക്കുന്ന സിസ്റ്റമാണിത്.2025 സെപ്റ്റംബറോടെ, 36,600-ലധികം രേഖകളും ഏകദേശം 1,000 സേവനങ്ങളും ഡിയേല കൈകാര്യം ചെയ്തിട്ടുണ്ട്. ഇവയെല്ലാം പൊതു ജനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.

അൽബേനിയൻ നടി അനില ബിഷയുമായാണ് അവതാറിന്റെ രൂപ സാദൃശ്യം.അതേസമയം, മന്ത്രിയെ 'നോക്കി നടത്താൻ' ഏതെല്ലാം തരം ടെക്നീഷ്യൻസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും അൽബേനിയ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന രാജ്യമാണ് അൽബേനിയ എന്ന് റിപ്പോർട്ടുകൾ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories