Share this Article
News Malayalam 24x7
'നാവിക്' പ്രതിസന്ധിയിൽ; ഒരു ഉപഗ്രഹത്തിൻ്റെ പ്രവര്‍ത്തനം നിലച്ചതായി ISRO
ISRO’s NavIC Navigation System Faces Technical Crisis as Satellite Fails

ഇന്ത്യയുടെ അഭിമാനമായ തദ്ദേശീയ ഗതിനിർണ്ണയ സംവിധാനം 'നാവിക്' (NavIC) കടുത്ത പ്രതിസന്ധിയിൽ. നാവിക് ശൃംഖലയുടെ ഭാഗമായ ഒരു ഉപഗ്രഹം കൂടി പ്രവർത്തനരഹിതമായതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) അറിയിച്ചു. ഇതോടെ അമേരിക്കയുടെ ജിപിഎസ് സംവിധാനത്തിന് ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ പദ്ധതിയുടെ കൃത്യതയെക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്.

സംവിധാനത്തിലെ നാല് പ്രധാന ഉപഗ്രഹങ്ങളിൽ ഐആർഎൻഎസ്എസ് എഫ് വൺ (IRNSS-1F) എന്ന ഉപഗ്രഹമാണ് ഇപ്പോൾ നിശ്ചലമായത്. ഉപഗ്രഹത്തിനുള്ളിലെ റുബീഡിയം അറ്റോമിക് ക്ലോക്കുകൾ തകരാറിലായതാണ് പ്രവർത്തനത്തെ ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഗതിനിർണ്ണയത്തിന് ആവശ്യമായ നാല് ഉപഗ്രഹങ്ങളിൽ മൂന്നെണ്ണം മാത്രമേ സജീവമായി പ്രവർത്തിക്കുന്നുള്ളൂ എന്നത് നാവിക്കിന്റെ കാര്യക്ഷമതയെ ബാധിച്ചേക്കാം.


2016-ൽ വിക്ഷേപിച്ച ഈ ഉപഗ്രഹത്തിന് പത്തു വർഷത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് സാങ്കേതിക തകരാർ മൂലം പ്രവർത്തനം നിലച്ചത്. മുൻപും സമാനമായ രീതിയിൽ നാവിക് ഉപഗ്രഹങ്ങളിലെ ആറ്റോമിക് ക്ലോക്കുകൾ തകരാറിലായത് ഐഎസ്ആർഒയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. സൈനിക ആവശ്യങ്ങൾക്കും സിവിൽ സേവനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കുന്ന നാവിക്കിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള നടപടികൾ ഐഎസ്ആർഒ വേഗത്തിലാക്കിയിട്ടുണ്ട്. തകരാറിലായ ഉപഗ്രഹങ്ങൾക്ക് പകരമായി കൂടുതൽ ശേഷിയുള്ള എൻവിഎസ് (NVS) ശ്രേണിയിലുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് നിലവിലെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories