Share this Article
News Malayalam 24x7
മോദിക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മാലിദ്വീപ് ബഹിഷ്‌കരണവുമായി സോഷ്യല്‍ മീഡിയ
Social media boycotted Maldives after remarks against Modi

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മാലിദ്വീപ് ബഹിഷ്‌കരണവുമായി സോഷ്യല്‍ മീഡിയ. ക്യാംപയിനിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് മാലിദ്വീപ് ടൂറിസം. മാലിദ്വീപിലെ ഏറ്റവും വലിയ വ്യവസായമാണ് വിനോദസഞ്ചാരം. രാജ്യത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ 28 ശതമാനവും ടൂറിസമാണ്. ഇതില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പങ്ക് നിര്‍ണായകമാണ്, ഇതില്‍ ബോളിവുഡ് സെലിബ്രേറ്റികളുടെ മാലിദ്വീപ് യാത്രകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും മാലിദ്വീപിന്റെ പ്രധാന പരസ്യങ്ങളുമാണ്, ഇതേ സെലിബ്രേറ്റികളാണ് ഇപ്പോള്‍ മാലിദ്വീപിനെതിരെ ഹാഷ് ടാഗ് ക്യാംപെയിന്‍ നടത്തുന്നത്.

ആയിരത്തിയിരുന്നൂറോളം ചെറുദ്വീപുകള്‍ ചേര്‍ന്ന രാജ്യത്ത് ആകെയുള്ള ജനസംഖ്യ 52 ലക്ഷം മാത്രമാണ്. ടൂറിസം കഴിഞ്ഞാല്‍ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയാണ് മറ്റൊരു വരുമാനമാര്‍ഗം. പ്രതിസന്ധിഘട്ടത്തിലെല്ലാം മാലിദ്വീപിന്റെ കരംഗ്രഹിച്ച പാരമ്പര്യമാണ് ഇന്ത്യക്ക്. 1988ലെ ഓപ്പറേഷന്‍ കാട്കസ് മുതല്‍ കോവിഡ് മഹാമാരിക്കാലത്ത് വരെ ഇന്ത്യ സഹായഹസ്തവുമായി മാലിദ്വീപിനെ ചേര്‍ത്തുപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉടലെടുത്ത വിവാദം നയതന്ത്രബന്ധത്തില്‍ ആഴത്തില്‍  വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ മാലിദ്വീപിനെ തിരിഞ്ഞുകൊത്തുകയാണ് വിവാദങ്ങള്‍.

ഓഹരി വിപണിയിലടക്കം വിവാദത്തിന്റെ പ്രകമ്പനങ്ങള്‍ അലയടിച്ചിരുന്നു. 2 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് പോയവര്‍ഷം മാലിദ്വീപിലെത്തിയത്. വിവാദം തിരികൊളുത്തിവിട്ട് രാജ്യത്തിന്റെ ആഭ്യന്തരവരുമാനത്തെ വരെ ഉലച്ചുകളയുന്ന വിധമാണ് നിലവില്‍ ശക്തിപ്രാപിക്കുന്ന ബോയ്‌കോട്ട് മാലിദ്വീപ് ക്യാംപെയിനുകള്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories