Share this Article
News Malayalam 24x7
അതിജീവനത്തിന്റെ രണ്ടാണ്ട് ; മുണ്ടക്കൈ - ചൂരല്‍മല ദുരന്തം നടന്നിട്ട് ഇന്നേക്ക് 2 വര്‍ഷം
Two Years of Wayanad Landslides

കേരളത്തിന്റെ വിങ്ങുന്ന മുറിവായി മാറിയ മുണ്ടക്കൈ - ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്. 2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ പ്രകൃതിയുടെ താണ്ഡവത്തിൽ നാമാവശേഷമായ രണ്ടു ഗ്രാമങ്ങളിലെ ഇരകൾക്കായി ഇന്ന് സർവ്വമത പ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും നടക്കും.

പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം 298  പേർ മരിക്കുകയും,അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 400-ലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത ദുരന്തത്തിൽ മരിച്ചവർക്കായി പുത്തുമലയിലെ 'ഹൃദയഭൂമി'യിൽ പ്രത്യേക പ്രാർത്ഥനകളും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. കൽപ്പറ്റ ടൗൺഷിപ്പിൽ താമസിക്കുന്ന അതിജീവിതർക്കും ഉറ്റവർക്കും പുത്തുമലയിലേക്ക് എത്തുന്നതിനായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി.


ചൂരൽമലയിലെ ബെയ്‌ലി പാലത്തിൽ വെള്ളാർമല ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രദേശവാസികളും ചേർന്ന് പുഷ്പാർച്ചന നടത്തും. അതിജീവനത്തിന്റെ പ്രതീകമായി മാറിയ വെള്ളാർമല സ്കൂളിലെ അതിജീവിതരായ കുട്ടികളുടെ അനുസ്മരണ സമ്മേളനവും നടക്കും.


ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങുകൾ ഏകോപിപ്പിക്കുന്നത്. ജനപ്രതിനിധികളും മന്ത്രിമാരും സന്നദ്ധ സംഘടനാ പ്രവർത്തകരും ചടങ്ങുകളിൽ പങ്കെടുക്കും. ദുരന്തബാധിതർക്കുള്ള പുനരധിവാസം പൂർണ്ണമായും പൂർത്തിയാക്കുക എന്നതാണ് അതിജീവിതരുടെ മുന്നിലുള്ള ഏറ്റവും വലിയ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article