Share this Article
News Malayalam 24x7
അത്തം പിറന്നു, മലയാളക്കരയുടെ ഓണക്കാലത്തിന് തുടക്കം
Onam 2026 Begins

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികള്‍ക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് .ഒരുക്കങ്ങളെല്ലാം സജ്ജമായി.  തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ അൽപ്പസമത്തിനകം അത്താഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. 

ചലച്ചിത്ര താരം മനോജ് കെ ജയന്‍ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ വന്‍ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ തന്നെ വിപുലമായ സജ്ജീകരണങ്ങളും ഗതാഗതനിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പോലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അത്താഘോഷത്തിനെത്തുന്ന കാണികള്‍ക്ക് കുടിവെള്ളം, വാഹന പാര്‍ക്കിങ്, വൈദ്യസഹായം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ക്കും ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനുമായി 500 ഓളം പോലീസ്,വൊളന്റിയര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്ക്ക് കൈമാറിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories