ഇടുക്കി ചെറുതോണിയിൽ 18കാരിയെ സുഹൃത്ത് കൊലപ്പെടുത്തി.തമിഴ്നാട് ബോഡിനായ്ക്കന്നൂര് സ്വദേശിയാണ് കൊല്ലപ്പെട്ടത്.ആണ്സുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19കാരന് നിഷാന്തിനെ പൊലീസ് പിടികൂടി. വിവാഹത്തെച്ചൊല്ലിയുളള തര്ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഷാന്തിന്റെ മൊഴി. പെണ്കുട്ടിയും ഇടുക്കി വട്ടപ്പാറ സ്വദേശിയായ നിഷാന്തും നേരത്തെ ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മില് അടുപ്പമുണ്ടായിരുന്നു. പെണ്കുട്ടിക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയമാണ് പ്രശ്നങ്ങള്ക്ക് തുടക്കം. വിവാഹം കഴിക്കാനെന്ന പേരില് ഈ മാസം 11ന് പെണ്കുട്ടിയെ പൂപ്പാറയിലേക്ക് വിളിച്ചുവരുത്തി. ചര്ച്ചകള്ക്കിടെ വഴക്കായി. പിന്നീട് നിഷാന്തിന്റെ ഓട്ടോയിലിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാന് തലയില് കല്ലുകൊണ്ട് ഇടിച്ചെന്നും നിഷാന്ത് പൊലീസിനോട് സമ്മതിച്ചു. രാത്രി ആളൊഴിഞ്ഞ സമയത്ത് പാംപ്ലയിലെത്തി മൃതദേഹം കത്തിച്ചു.സംഭവം നടന്ന സ്ഥലത്തുള്പ്പെടെ നിഷാന്തിനെയെത്തിച്ച് തെളിവെടുക്കും.