സൗദിയിലേക്ക് ആക്രമണങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടി. റിയാദ്, ദമാം സര്‍വീസുകള്‍ റദ്ദാക്കിയത് നവംബര്‍ ഏഴു വരെയാണ് നീട്ടിയത്. ജിദ്ദ സര്‍വീസ് റദ്ദാക്കല്‍ ഒക്ടോബര്‍ 31 വരെയും നീട്ടി. സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി. യാത്രക്കാര്‍ക്ക് യാത്രാ തീയതി മാറ്റാനോ അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരികെ വാങ്ങാനോ അവസരമാരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ആകാശ എയറും താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.