Share this Article
News Malayalam 24x7
പെട്ടിമുടി ദുരന്തത്തിന് ഇന്ന് ആറാണ്ട്; ദുരന്തത്തിൽ പൊലിഞ്ഞത് 70 ജീവനുകൾ
6th Anniversary of Pettimudi Landslid

കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ആറാം വാർഷികം. ഉറക്കത്തിനിടെ ഒരു നിമിഷം കൊണ്ട് 70 ജീവനുകളെ കവർന്നെടുത്ത ആ രാത്രിയുടെ മുറിവുണങ്ങാൻ ആറ് വർഷം പിന്നിട്ടിട്ടും ഇനിയും കഴിഞ്ഞിട്ടില്ല.

2020 ഓഗസ്റ്റ് ആറിന് രാത്രി പത്ത് മണിയോടെയാണ് വനമേഖലയായ കുരിശുമലയിൽ നിന്നും ഉരുൾപൊട്ടി പെട്ടിമുടിയിലെ ലയങ്ങളിലേക്ക് പാഞ്ഞെത്തിയത്. കണ്ണൻ ദേവൻ കമ്പനിയിലെ തോട്ടം തൊഴിലാളികളും അവരുടെ കുടുംബങ്ങളും അടക്കം 70 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. ദുരന്തത്തിൽപ്പെട്ട 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായെങ്കിലും നാല് പേർ ഇപ്പോഴും കാണാമറയത്താണ്. ഇവരുടെ പേരുകൾ ഇന്നും കാണാതായവരുടെ പട്ടികയിലുണ്ട്.


രണ്ടുദിവസമായി തുടർച്ചയായി പെയ്ത കനത്ത മഴയ്ക്കൊടുവിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായതിനാൽ സംഭവം പുറലോകം അറിഞ്ഞത് പിറ്റേന്ന് പുലർച്ചെയാണ്. പെരിയവര പാലം തകർന്നത് രക്ഷാപ്രവർത്തനത്തെ തുടക്കത്തിൽ ദുഷ്കരമാക്കി. എങ്കിലും തോട്ടം തൊഴിലാളികളും അഗ്നിരക്ഷാ സേനയും പോലീസും ദുരന്തനിവാരണ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും കൈകോർത്ത് 19 ദിവസം നീണ്ട തിരച്ചിലാണ് പ്രദേശത്ത് നടത്തിയത്. ദുരന്തസ്ഥലത്തുനിന്ന് 14 കിലോമീറ്റർ അകലെവരെ മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നുവെന്നത് ഉരുൾപൊട്ടലിന്റെ ഭീകരത എത്രത്തോളമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു.


കണ്ടെത്തിയ മൃതദേഹങ്ങൾ പെട്ടിമുടിയിലെ കമ്പനിയുടെ ആശുപത്രിക്ക് സമീപം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം രാജമലയിൽ പ്രത്യേകമായി ഒരുക്കിയ കല്ലറയിലാണ് സംസ്കരിച്ചത്. ഓരോ കല്ലറയിലും രേഖപ്പെടുത്തിയിട്ടുള്ള അവരുടെ പേരുകൾ ഇന്നും ആ ദുരന്തത്തിന്റെ നേർസാക്ഷ്യമായി നിലകൊള്ളുന്നു. മണ്ണിനടിയിൽ മറഞ്ഞത് മനുഷ്യജീവനുകൾ മാത്രമല്ല, ഒട്ടേറെ കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടിയായിരുന്നു. ഓരോ ഓഗസ്റ്റ് ആറ് എത്തുമ്പോഴും രാജമലയിലെ ഈ കൂട്ടക്കല്ലറകൾ കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത പെട്ടിമുടിയുടെ ദുഃഖസ്മരണകൾ വീണ്ടും ഓർമ്മിപ്പിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories