തിമിര്‍ത്ത് പെയ്യുന്ന മഴക്കാലം നൊസ്റ്റാള്‍ജിയയുടെ ഉത്സവം കൂടിയാണ്. മഴ നനയാനും കണ്ടിരിക്കാനും എല്ലാവരും ഇഷ്ടപ്പെടുമ്പോള്‍ ഡയബറ്റിസുള്ളവര്‍ അതില്‍ അല്‍പ്പം കൂടി ശ്രദ്ധാലുക്കളാകും. കാരണം മഴക്കാലത്തുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ അവര്‍ക്ക് അല്‍പ്പം കൂടി ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്ന സമയമാണ്. പനിയും മറ്റ് വൈറല്‍ ഇന്‍ഫെക്ഷനുകളും വെല്ലുവിളിയാകുമ്പോള്‍ത്തന്നെ നമ്മുടെ ദിവസേനയുള്ള ജീവിതശൈലി പോലും മഴക്കാലത്ത് താളം തെറ്റാറുണ്ട്. രാവിലത്തെ നടത്തം, ജോലി സ്ഥലത്തേക്കുള്ള യാത്ര, നിത്യവുമുള്ള ഭക്ഷണരീതി ഉള്‍പ്പെടെ അതില്‍പ്പെടും. മഴക്കാലത്തും ആരോഗ്യത്തോടെ സുരക്ഷിതമായിരിക്കുന്നതിനായി ഡയബറ്റിസ് ഉള്ള വ്യക്തികള്‍ തങ്ങളുടെ ജീവിത ശൈലിയിലും നേരത്തേതന്നെ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.
വീടിനകത്തു തന്നെ ചെറുവ്യായാമങ്ങള്‍ ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി, ഗ്ലൂക്കോസ് നിരക്ക് എപ്പോഴും പരിശോധിക്കുക തുടങ്ങിയവ ഡയബറ്റിസ് ശരിയായി കൈകാര്യം ചേയ്യേണ്ടതില്‍ പ്രധാനമാണ്. കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഡിവൈസിലൂടെ എളുപ്പത്തിലും വേദനയില്ലാതെയും ഗ്ലൂക്കോസ് പരിശോധിക്കുവാന്‍ സാധിക്കും.
മഴക്കാലം പനി, മറ്റ് ജലജന്യ രോഗങ്ങള്‍ തുടങ്ങിയവ വ്യാപകമായി പടരുനന് കാലം കൂടിയാണ്. ഡയബറ്റിസ് ഉള്ള രോഗികളില്‍ ഇവ സങ്കീര്‍ണമായേക്കാം. ദുര്‍ബലമായ രോഗപ്രതിരോധ ശേഷി ഈ സങ്കീര്‍ണത വീണ്ടും ഗുരുതരമാക്കും. ചെറു വ്യായാമങ്ങളിലൂടെ ആക്ടീവായിരിക്കുക എന്നതിനൊപ്പം, കൃത്യമായി ഗ്ലൂക്കോസ് നിരക്കും പരിശോധിക്കണം. പോഷകങ്ങള്‍ നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണശീലവും പരമപ്രധാനമാണ്. മഴയില്‍ ക്ലിനിക്ക് സന്ദര്‍ശിക്കുവാന്‍ പ്രയാസമുള്ള സമയങ്ങളില്‍ സിജിഎമ്മുകള്‍ ഏറെ സഹായകരമാണ്. - കൊച്ചി സില്‍വര്‍ലൈന്‍ ഹോസ്പിറ്റല്‍ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. മനോജ് പി ജോസഫ് പറഞ്ഞു.
മണ്‍സൂണ്‍ കാലത്ത് ഡയബറ്റിസ് ബാധിതര്‍ക്ക് ആശങ്കകളില്ലാതെ ആരോഗ്യം സംരക്ഷിക്കുവാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
1. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍: പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാം. ഡയബറ്റിസ് ഉള്ളവര്‍ക്ക് ഭക്ഷ്യവിഷബാധ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. വീട്ടില്‍ തന്നെ പാകം ചെയ്യുന്ന വൃത്തിയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണങ്ങള്‍ ശീലമാക്കാം. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. പച്ചക്കറികള്‍ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ കഴിവതും ഒഴിവാക്കുക.
2. കാലിന് കൂടുതല്‍ ശ്രദ്ധ നല്‍കാം: മഴക്കാലത്ത് ഡയബറ്റിസ് ബാധിതര്‍ അവരുടെ കാലുകള്‍ക്ക് അധിക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഈര്‍പ്പമുള്ള കാലാവസ്ഥ ഫംഗല്‍ ഇന്‍ഫെക്ഷനും മുറിവുകള്‍ക്കും കാരണമായേക്കാം. നനഞ്ഞ കാലുകള്‍ ഉടന്‍ തന്നെ ഈര്‍പ്പം തുടച്ചുമാറ്റി ഉണക്കേണ്ടതുണ്ട്. അധിക സോക്‌സ് കൈയ്യില്‍ കരുതുന്നതും നല്ലതാണ്. ചളിയിലും വെള്ളക്കെട്ടിലും ചവിട്ടുന്നത് ഒഴിവാക്കണം. കാലിന് സുരക്ഷ നല്‍കുന്നതും, സൗകര്യപ്രദമായതും ഒപ്പം ഈര്‍പ്പം തങ്ങി നില്‍ക്കാത്തതുമായ പാദരക്ഷകള്‍ ഉപയോഗിക്കണം.
3. ബ്ലഡ് ഷുഗര്‍ കൃത്യമായി കൃത്യമായി പരിശോധിക്കുക: ഡയറ്റ്, വ്യായാമം, സമ്മര്‍ദം എന്നിങ്ങനെ മഴക്കാലത്ത് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഇത് ഗ്ലൂക്കോസ് നിരക്കില്‍ മാറ്റങ്ങളുണ്ടായേക്കാം. ഈര്‍പ്പവും താപനിലയിലെ ഏറ്റക്കുറച്ചിലും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയെ ബാധിക്കുകയും അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപ്രതീക്ഷിതമായി കൂടുവാനോ കുറയുവാനോ കാരണമായേക്കാം. ഫ്രീസ്റ്റൈല്‍ ലിബ്രെ പോലുള്ള സിജിഎം ഡിവൈസുകള്‍ തത്സമയം ഗ്ലൂക്കോസ് നിരക്ക് അറിയുന്നതിന് സഹായിക്കും. കൂടുതല്‍ അപകടത്തിലേക്ക് പോകാതെ സുരക്ഷിതമായിരിക്കുവാന്‍ ഇത് സഹായിക്കും.
4. വീട്ടിനകത്തും വ്യായാമം ചെയ്യാം: പുറത്തിറങ്ങാന്‍ സാധിക്കുകയില്ലെങ്കിലും വീട്ടിനകത്ത് ചെറിയ വ്യായാമങ്ങളോടെ ആക്ടീവായിരിക്കുവാന്‍ ശ്രദ്ധിക്കാം. രാവിലെ മുപ്പത് മിനുട്ടെങ്കിലും വ്യായാമോ, ചെറു നടത്തമോ നല്ലതാണ്.
5. ധാരാളം വെള്ളം കുടിക്കാം: ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ശരീരത്തിലെ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ മറച്ചുവെച്ചേക്കാം. അതിനാല്‍ വലിയ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ആവശ്യത്തിന് വെള്ളം കുടിക്കുവാന്‍ എപ്പോഴും ശ്രദ്ധിക്കാം.
ഇത്തരത്തില്‍ ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ മഴക്കാലവും ആശങ്കകളല്ലാതെ നമുക്കാസ്വദിക്കാം.