കർക്കിടക വാവിനോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും നദീതീരങ്ങളിലും ബലിതർപ്പണം പുരോഗമിക്കുന്നു. പിതൃക്കളുടെ ആത്മശാന്തിക്കായി പുലർച്ചെ മുതൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത്.
ആലുവ മണപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം, ശംഖുമുഖം തുടങ്ങിയ പ്രമുഖ തീരങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ രണ്ടു മണിയോടെ തന്നെ ഭൂരിഭാഗം കേന്ദ്രങ്ങളിലും തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡുകളും പ്രാദേശിക ഭരണകൂടങ്ങളും വിവിധയിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ സേന, ലൈഫ് ഗാർഡുകൾ എന്നിവരെ പ്രധാന കടവുകളിലെല്ലാം വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ നദിയിലെ ഒഴുക്കും ജലനിരപ്പും കണക്കിലെടുത്ത് പ്രത്യേക സുരക്ഷാ കയറുകൾ കെട്ടിയാണ് തർപ്പണത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമും ആംബുലൻസ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പത്തനംതിട്ടയിലെ ആറന്മുള, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രക്കടവ്, തിരുനെല്ലി, തിരുനാവായ തുടങ്ങി വിവിധയിടങ്ങളിലും വലിയ ജനപങ്കാളിത്തമുണ്ട്. ബലിതർപ്പണ ചടങ്ങുകൾക്കായി എത്തുന്നവർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം വരെ വിവിധ കേന്ദ്രങ്ങളിൽ തർപ്പണ ചടങ്ങുകൾ തുടരും .