Share this Article
News Malayalam 24x7
5 മിനിറ്റ് ചാർജിംഗ്: പുതിയ ഇവി വിപ്ലവുമായി ബിവൈഡി; ടെസ്ല ഞെട്ടും
BYD 5-Minute EV Charging: Revolutionizing Electric Vehicles

ചൈനീസ് ഇലക്ട്രിക് വാഹന (ഇവി) നിർമ്മാതാക്കളായ ബിവൈഡി (BYD), ലോകമെമ്പാടുമുള്ള വാഹന കമ്പനികളെ ഞെട്ടിച്ചുകൊണ്ട് പുതിയ ബാറ്ററി സാങ്കേതികവിദ്യ പുറത്തിറക്കി. ഇനി വെറും അഞ്ച് മിനിറ്റിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ സാധിക്കും! പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്ന അതേ വേഗത്തിൽ ഇനി ഇവികളും ചാർജ് ചെയ്യാം.


ഈ വാർത്ത ടെസ്‌ലയെയും എലോൺ മസ്‌കിനെയും പോലുള്ള വമ്പൻമാർക്ക് കനത്ത തിരിച്ചടിയാണ്. കാരണം, ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്‌ലയുടെ പ്രധാന എതിരാളിയായി ബിവൈഡി മാറിക്കഴിഞ്ഞു.


പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാഹനങ്ങൾ അടുത്ത മാസം മുതൽ വിപണിയിൽ എത്തുമെന്ന് ബിവൈഡി അറിയിച്ചു. ഈ ഫാസ്റ്റ് ചാർജിംഗ് സംവിധാനമുള്ള ഹാൻ എൽ സെഡാൻ (Han L sedan) വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ  470 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് ബിവൈഡി ചെയർമാൻ വാങ് ചുവാൻഫു (Wang Chuanfu) അവകാശപ്പെട്ടു.


ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവം


ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ മടിച്ചിരുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് പ്രതീക്ഷ. ചാർജ് ചെയ്യാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് പലരെയും ഇവികളിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. എന്നാൽ ബിവൈഡിയുടെ ഈ കണ്ടുപിടുത്തം ഇവി വിപണിക്ക് ഒരു വഴിത്തിരിവാകും.

ഈ പുതിയ സാങ്കേതികവിദ്യ ബിവൈഡിയെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ടെസ്‌ലയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാകാനുള്ള ബിവൈഡിയുടെ സ്വപ്നങ്ങൾക്ക് അഞ്ച് മിനിറ്റ് ചാർജിംഗ് കരുത്തേകും.



പുതിയ സാങ്കേതികവിദ്യയ്ക്ക് അനുസൃതമായ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ബിവൈഡി തയ്യാറെടുക്കുന്നുണ്ട്. ഇതിലൂടെ ഇലക്ട്രിക് വാഹന രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


ചാർജിംഗിലും ടെസ്‌ലയെ കടത്തിവെട്ടി BYD


ടെസ്‌ലയ്ക്ക് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉണ്ടെങ്കിലും, ബിവൈഡിയുടെ പുതിയ സംവിധാനം ടെസ്‌ലയെക്കാൾ വേഗതയേറിയതാണ്. ടെസ്‌ല സൂപ്പർചാർജറുകൾ 15 മിനിറ്റിനുള്ളിൽ 275 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ, ബിവൈഡി വെറും 5 മിനിറ്റിൽ 470 കിലോമീറ്റർ റേഞ്ച് നൽകുന്നു. 


മെഴ്‌സിഡസ് ബെൻസ് എജിയുടെ പുതിയ സിഎൽഎ ഇലക്ട്രിക് സെഡാന് (CLA Electric Sedan) 10 മിനിറ്റിനുള്ളിൽ 325 കിലോമീറ്റർ ചാർജ് ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യയുണ്ടെങ്കിലും, ബിവൈഡി തന്നെയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.


എങ്കിലും, ലോകമെമ്പാടും 65,000 സൂപ്പർചാർജറുകളുള്ള ടെസ്‌ലയുടെ ചാർജിംഗ് ശൃംഖലയെ ബിവൈഡിക്ക് മറികടക്കേണ്ടതുണ്ട്. എന്നാൽ അതിനായുള്ള ശ്രമങ്ങൾ ബിവൈഡി ആരംഭിച്ചു കഴിഞ്ഞു.


വാങ് ചുവാൻഫു പറയുന്നതനുസരിച്ച്, ബിവൈഡിയുടെ പുതിയ ഇവി പ്ലാറ്റ്‌ഫോം കാറുകൾക്ക് 2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഹാൻ എൽ, ടാങ് എൽ (Tang L) സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലാണ് (SUV) ഈ അതിവേഗ ചാർജിംഗ് സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. 


ഹാൻ എൽ സെഡാന് 270,000 യുവാൻ (ഏകദേശം 32,31,581 രൂപ), ടാങ് എൽ എസ്‌യുവിക്ക് 280,000 യുവാൻ (33,50,328 രൂപ) എന്നിങ്ങനെയാണ് ചൈനയിലെ വില.


ഈ മോഡലുകളുടെ വിൽപ്പന ഏപ്രിൽ മാസം ആരംഭിക്കും. പുതിയ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ 4,000-ത്തിലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ബിവൈഡി പദ്ധതിയിടുന്നു.


ഹൈബ്രിഡ്, പൂർണ്ണമായും ഇലക്ട്രിക് കാറുകൾ മാത്രം നിർമ്മിക്കുന്ന ബിവൈഡി കഴിഞ്ഞ മാസം 318,000-ത്തിലധികം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 161% വളർച്ചയാണ് കാണിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ബിവൈഡിക്ക് 15 ശതമാനം വിപണി വിഹിതമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article