Share this Article
image
ഫാൻസി നമ്പറോടെ സ്‌കോഡ സ്ലാവിയ; വാര്‍ഷികദിനത്തില്‍ സന്തോഷ കുറിപ്പുമായി ഹരീഷ് കണാരന്‍
വെബ് ടീം
posted on 18-05-2024
1 min read
Actor Hareesh Kanaran Buys Skoda Slavia sedan

മലയാള സിനിമയിൽ ചിരി പടർത്തുന്ന ഹാസ്യതാരങ്ങളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിലൊരാളാണ് ഹരീഷ് കണാരന്‍ എന്ന ഹരീഷ് പെരുമണ്ണ. ഹരീഷിന് ചെറുതായി വാഹനപ്രേമവും ഉണ്ട്. ജീപ്പ് കോംപസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ വാഹനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥിയായി എത്തിയിരിക്കുന്നത് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ പുറത്തിറക്കിയ സെഡാന്‍ മോഡലായ സ്ലാവിയായാണ്. അദ്ദേഹം തന്നെയാണ് തന്റെ വാഹന ശേഖരത്തിലേക്ക് പുതിയ ഒരു മോഡല്‍ കൂടി എത്തിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

തന്റെ വിവാഹ വാര്‍ഷികം പ്രമാണിച്ചാണ് പുതിയ വാഹനം സ്വന്തമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ദൈവാനുഗ്രഹത്താല്‍ ഒരു കാര്‍ സ്വന്തമാക്കി എന്ന കുറിപ്പോടെയാണ് പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കെ.എല്‍.85 സി 5454 എന്ന ഫാന്‍സി നമ്പര്‍ ഉള്‍പ്പെടെയാണ് അദ്ദേഹം പുതിയ വാഹനത്തെ വീട്ടിലേക്ക് കൂട്ടിയത്. സ്ലാവിയയുടെ ഏത് വേരിയന്റാണ് ഹരീഷ് കണാരന്‍ തിരഞ്ഞെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

1.5 ലീറ്റര്‍ ടി.എസ്.ഐ, 1 ലിറ്റര്‍ ടി.എസ്.ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്. മൂന്നു സിലിണ്ടര്‍ 1.0 ലിറ്റര്‍ മോഡലിന് 110 പി.എസ് കരുത്തുണ്ട്. 1.5 ലിറ്ററിന് 150 പിഎസാണ് കരുത്ത്. 1.0 ലിറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്ററിനുള്ളത്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ്ഷോറൂം വില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories