മുംബൈയിൽ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുടങ്ങിയതിനു പിന്നാലെ ഇന്ത്യയില്‍ ടെസ്‌ലയുടെ വൈ മോഡല്‍ ഇ.വിയുടെ വില പുറത്തുവിട്ടു. 60 ലക്ഷം രൂപയ്ക്ക് വൈ മോഡല്‍ ഇ.വി വില്‍ക്കും. ചൊവ്വാഴ്ചയാണ് വെബ്‌സൈറ്റ് വഴി വിലവിവര പട്ടിക പുറത്തുവിട്ടത്. മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കുന്നവര്‍ക്കാണ് ഈ വിലയില്‍ വാഹനം ലഭിക്കുക.
അതേസമയം, കൂടിയ റേഞ്ച് ഉള്ള റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 68 ലക്ഷമാണ് വില വരുന്നത്. അമേരിക്കയിൽ മോഡല്‍ വൈയുടെ വില 44,990 ഡോളറാണ്. ചൈനയില്‍ 2,63,500 യുവാനും മുടക്കണം. ജര്‍മ്മനിയിലാകട്ടെ 45,970 യൂറോയാണ് വില. അമേരിക്കയിലെ വാഹനത്തിന്റെ അടിസ്ഥാന വിലയേക്കാള്‍ 15,000 ഡോളര്‍ കൂടുതലാണ് ഇന്ത്യയിലെ വില.
വര്‍ഷങ്ങള്‍ നീണ്ട ഊഹോപോഹങ്ങള്‍ക്ക് ശേഷമാണ് ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറക്കുന്നത്.മുംബൈയിലെ പ്രധാന സാമ്പത്തിക മേഖലയായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഷോറൂം. ചൈനയില്‍ നിര്‍മിച്ച മോഡല്‍ വൈയുടെ ക്രോസോവറുകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. ഈ മാസം അവസാനത്തോടെ രണ്ടാമത്തെ ഷോറൂം ന്യൂഡല്‍ഹിയില്‍ തുറക്കുന്നതിനും പദ്ധതിയുണ്ട്. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ വാഹന വിപണിയായിട്ടും ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാന്‍ ടെസ്‌ല ഇതുവരെ തയ്യാറായിട്ടില്ല. ബ്രാന്‍ഡിന്റെ സ്വീകാര്യത പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
പ്രധാന രണ്ട് വാഹന വിപണികളായ അമേരിക്കയിലും ചൈനയിലും വെല്ലുവിളി നേരിടുന്ന സമയത്താണ് ഇന്ത്യയില്‍ ടെസ്‌ലയെത്തുന്നതെന്നതും ശ്രദ്ധേയമാണ്. 2025ന്റെ ആദ്യ പാദത്തില്‍ ടെസ്‌ലയുടെ ലാഭം മുന്‍ കാലയളവിലെ 17.4 ശതമാനത്തില്‍ നിന്ന് 16.3 ശതമാനമായി കുറഞ്ഞിരുന്നു. വരുമാനമാകട്ടെ 21.11 ബില്യണില്‍ നിന്ന് 19.34 ബില്യണായി. ഒരുകാലത്ത് ടെസ്‌ലയുടെ പ്രധാന വിപണിയായിരുന്ന ചൈനയിലെ വിപണി വിഹിതത്തിൽ ഈയിടെ വന്‍തോതില്‍ കുറവുണ്ടായി. ബിവൈഡി, ഷവോമി പോലുള്ള പ്രാദേശിക എതിരാളികളില്‍ നിന്ന് കടുത്ത മത്സരമാണ് ടെസ്‌ല നേരിടുന്നത്.