Share this Article
News Malayalam 24x7
വീണ്ടും ബഹിരാകാശ ദൗത്യം; ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാവാൻ ഡോ. അനില്‍ മേനോന്‍
 Dr. Anil Menon

ബഹിരാകാശ ചരിത്രത്തിൽ കേരളത്തിന് പുതിയ നാഴികക്കല്ല് കുറിക്കാൻ മലയാളി വേരുകളുള്ള നാസ (NASA) ബഹിരാകാശ യാത്രികനും യു.എസ്. സ്പേസ് ഫോഴ്സ് കേണലുമായ ഡോ. അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന സുവർണ്ണ നേട്ടമാണ് ഇതോടെ അനിൽ മേനോൻ സ്വന്തമാക്കുന്നത്.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ 'സോയൂസ് എം.എസ്-29' (Soyuz MS-29) പേടകത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 8.17-ന് കസാക്കിസ്ഥാനിലെ ബൈക്കോന്നൂർ കോസ്മോഡ്രോമിൽ നിന്നാണ് ചരിത്രപരമായ വിക്ഷേപണം നടക്കുക. റഷ്യൻ കോസ്മോനൗട്ടുകളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരും അനിൽ മേനോനൊപ്പം ദൗത്യത്തിലുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) എക്സ്പെഡിഷൻ 74/75 ദൗത്യത്തിന്റെ ഭാഗമായി എട്ട് മാസത്തോളമാണ് മൂന്നംഗ സംഘം ബഹിരാകാശത്ത് ചിലവഴിക്കുക.


യു.എസിലെ മിനിയാപൊളിസിലാണ് അനിൽ മേനോൻ ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പിതാവ് ശങ്കരൻ മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. മാതാവ് എലിസബത്ത് യുക്രൈൻ സ്വദേശിനിയുമാണ്. ഒറ്റപ്പാലവുമായുള്ള തന്റെ കുടുംബബന്ധത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അനിൽ മേനോൻ നേരത്തെ വാചാലനായിട്ടുണ്ട്. ബഹിരാകാശത്ത് വെച്ച് ഇന്ത്യയെയും കേരളത്തിന്റെ പച്ചപ്പും കായലുകളെയും കാണാനാണ് താൻ കാത്തിരിക്കുന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. ഇതോടെ, ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലത്തിന് മറ്റൊരു തിളക്കം കൂടി ലഭിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ഒറ്റപ്പാലം സ്വദേശിയാണ്.


ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും ഒപ്പം മെഡിക്കൽ ബിരുദവും കരസ്ഥമാക്കിയ വ്യക്തിയാണ് അനിൽ മേനോൻ. നേപ്പാളിലെയും ഹെയ്തിയിലെയും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, എവറസ്റ്റിലെ ഹെൽത്ത് റെസ്ക്യൂ ടീമിലും അദ്ദേഹം സജീവമായിരുന്നു. 2014-ൽ നാസയിൽ ഫ്ലൈറ്റ് സർജനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2018-ൽ സ്പേസ് എക്സിന്റെ ആദ്യത്തെ ചീഫ് ഫ്ലൈറ്റ് സർജനായി ചുമതലയേറ്റു. തുടർന്നാണ് സ്പേസ് ഫോഴ്സ് കേണൽ പദവിയിലെത്തുന്നതും 2021 ഡിസംബറിൽ നാസയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നതും.


അനിൽ മേനോന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ യാത്രികയാണ്. 2024 സെപ്റ്റംബറിൽ സ്പേസ് എക്സിന്റെ ചരിത്രപരമായ പോളാരിസ് ഡോൺ (Polaris Dawn) ദൗത്യത്തിലൂടെ അന്ന മേനോൻ ബഹിരാകാശ യാത്ര നടത്തിയിരുന്നു. ഇന്നത്തെ അനിൽ മേനോന്റെ വിക്ഷേപണത്തോടെ ബഹിരാകാശ യാത്ര നടത്തിയ ലോകത്തിലെ ആദ്യത്തെ ദമ്പതികൾ എന്ന റെക്കോർഡും ഈ ദമ്പതികൾക്ക് സ്വന്തമാകും.


വിക്ഷേപണത്തിന് ശേഷം മൂന്ന് മണിക്കൂറുകൾക്കുള്ളിൽ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. നിലയത്തിൽ വെച്ച് മനുഷ്യശരീരത്തിൽ ബഹിരാകാശ യാത്രയുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങൾക്കും അനിൽ മേനോൻ നേതൃത്വം നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories