ഓണക്കാലത്തെ കനത്ത യാത്രാതിരക്ക് പരിഹരിക്കുന്നതിനായി 112 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 6 വരെയുള്ള കാലയളവിലാണ് ഈ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. കഴിഞ്ഞ വർഷം 55 ഓണം സ്പെഷ്യൽ സർവീസുകൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇക്കുറി സർവീസുകളുടെ എണ്ണം 112 ആയി റെയിൽവേ ഇരട്ടിയിലധികം ഉയർത്തിയത്.
പ്രഖ്യാപിച്ച സർവീസുകളിൽ 38 എണ്ണം ദക്ഷിണ റെയിൽവേ പരിധിക്കുള്ളിലും 16 സർവീസുകൾ മറ്റ് റെയിൽവേ സോണുകളിലേക്കുമാണ്. തിരുവനന്തപുരം നോർത്ത്, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് 26 സർവീസുകളും ബെംഗളൂരുവിൽ നിന്ന് 6 സർവീസുകളും ഉണ്ടാകും. തിരുവനന്തപുരം നോർത്ത് - മംഗളൂരു റൂട്ടിൽ കേരളത്തിലൂടെ 6 ട്രെയിനുകൾ സർവീസ് നടത്തും.
കൂടാതെ തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് അങ്ങോട്ടുമിങ്ങോട്ടുമായി 28 സർവീസുകളും ലഭ്യമായിരിക്കും. പാലക്കാട് വഴി മൈസൂരു - കണ്ണൂർ റൂട്ടിലും കണ്ണൂർ - ബെംഗളൂരു റൂട്ടിലും രണ്ട് സർവീസുകൾ വീതവും റെയിൽവേ ക്രമീകരിച്ചിട്ടുണ്ട്.