പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടുക്കിയിലെ ചൊക്രമുടി മലനിരകളിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. ഇടുക്കി ബൈസൺവാലിക്ക് സമീപമുള്ള ചൊക്രമുടി മലനിരകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി പൂത്തുലഞ്ഞിരിക്കുന്നത്. മുൻപ് കയ്യേറ്റക്കാരുടെ കൈവശമായിരുന്ന ഈ ഭൂമി നീതിന്യായ വ്യവസ്ഥയുടെയും റവന്യൂ വകുപ്പിന്റെയും ശക്തമായ ഇടപെടലുകളിലൂടെയാണ് തിരിച്ചുപിടിച്ചത്. ഈ മണ്ണിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി വസന്തം വിരുന്നെത്തിയിരിക്കുന്നത്. കോടമഞ്ഞിനും മഴത്തുള്ളികൾക്കും ഇടയിലൂടെ നീലക്കുറിഞ്ഞികൾ പൂത്തു തുടങ്ങിയതോടെ ചൊക്രമുടി വശ്യസുന്ദരമായ കാഴ്ചയായി മാറിയിരിക്കുകയാണ്.
ശാസ്ത്രീയമായി 'സ്ട്രോബിലാന്തസ് കുന്തിയാന' (Strobilanthes kunthiana) എന്നറിയപ്പെടുന്ന നീലക്കുറിഞ്ഞി പശ്ചിമഘട്ടത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. സാധാരണയായി 12 വർഷത്തിലൊരിക്കലാണ് ഇവ പൂക്കുന്നത്. 2014-ലായിരുന്നു ചൊക്രമുടിയിൽ ഇതിനു മുൻപ് അവസാനമായി കുറിഞ്ഞി പൂത്തത്. കൃത്യം 12 വർഷത്തിന് ശേഷം ഈ വർഷം മലനിരകൾ വീണ്ടും നീലനിറമണിഞ്ഞിരിക്കുകയാണ്.
നിലവിലുള്ള തുടർച്ചയായ മഴ കുറിഞ്ഞിപ്പൂക്കൾ പൂർണ്ണമായും വിരിയുന്നതിന് നേരിയ തടസ്സമുണ്ടാക്കുന്നുണ്ടെങ്കിലും, മൊട്ടിട്ടുനിൽക്കുന്ന ചെടികളും കോടമഞ്ഞും ചേർന്ന് ചൊക്രമുടിയുടെ ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഴ മാറി വെയിൽ തെളിയുന്നതോടെ മലനിരകൾ പൂർണ്ണമായും നീലക്കടലായി മാറുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. പ്രകൃതിയൊരുക്കിയ ഈ മനോഹരമായ കാഴ്ച ആസ്വദിക്കാൻ ഇതിനകം തന്നെ സഞ്ചാരികൾ ചൊക്രമുടിയിലേക്ക് ഒഴുകിയെത്തിത്തുടങ്ങിയിട്ടുണ്ട്.
അപൂർവ്വമായ ഈ കുറിഞ്ഞിപ്പൂക്കൾ നശിപ്പിക്കപ്പെടാതിരിക്കാൻ പഞ്ചായത്ത് ഭരണസമിതികൾ ഇതിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും പ്രത്യേക ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡിൽ നിന്നും ചെമ്മണ്ണാർ ഗ്യാപ്പ് റോഡ് വഴി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ചൊക്രമുടിയിലെ ഈ നീലവസന്ത കാഴ്ചയിലേക്ക് എത്തിച്ചേരാൻ സാധിക്കും.