പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റി ഉപേക്ഷിക്കാനും പ്രതികൾ പദ്ധതിയിട്ടിരുന്നു.
ഇതിനായി കേസിലെ ഒന്നാം പ്രതിയായ 17-കാരൻ ശ്രീകാര്യത്തെ ഒരു കടയിൽനിന്ന് വലിയ പ്ലാസ്റ്റിക് കവർ വാങ്ങിയതായും പ്രതികളുടെ മൊഴിയിലുണ്ട്. എന്നാൽ മഴയെ തുടർന്ന് മൃതദേഹം വാഹനത്തിൽ കൊണ്ടുപോയി മറ്റൊരിടത്ത് ഉപേക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കാനായില്ലെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.