ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് അനുവദിച്ചിരുന്ന വീസ–ഫ്രീ സൗകര്യം മലേഷ്യ അവസാനിപ്പിക്കുന്നു. ഇന്ത്യയിൽനിന്നുള്ള സഞ്ചാരികൾക്ക് ജനുവരി 1 മുതൽ വീസ വേണമെന്നു മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി. ഡിസംബർ 1 മുതൽ മൈവീസ പോർട്ടലിലൂടെ അപേക്ഷ നൽകാം. നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് 30 ദിവസം വീസയില്ലാതെ യാത്ര മലേഷ്യ അനുവദിച്ചിരുന്നു. എത്തുന്നതിനു 3 ദിവസം മുൻപ് മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡിനു റജിസ്റ്റർ ചെയ്താൽ മതിയായിരുന്നു. സഞ്ചാരികൾ മെഡിക്കൽ കവറേജ് എടുക്കണമെന്നും തദ്ദേശീയരല്ലാത്തവർക്കു മെഡിക്കൽ സേവനങ്ങൾക്കു നിരക്ക് ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാർ വീസരഹിത യാത്ര തൊഴിലന്വേഷണത്തിനും മറ്റും ദുരുപയോഗിക്കുന്നതായി പരാതിയുയർന്നിരുന്നു. മലേഷ്യ ഉൾപ്പെടെയുള്ള ആസിയാൻ രാജ്യങ്ങളിലെ വിനോദസഞ്ചാരികൾക്കു സൗജന്യ ഇ–വീസ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യക്കാർക്കു തിരിച്ചടിയാകുന്ന തീരുമാനം മലേഷ്യ നടപ്പാക്കുന്നത്.