Share this Article
News Malayalam 24x7
ട്രാഫിക് ബ്ലോക്കുകൾ ഇനി ചരിത്രം! എയർ ടാക്സികളുമായി ഊബർ
വെബ് ടീം
posted on 03-04-2026
2 min read
oby Aviation to Launch Flying Taxi Service Soon

നഗരയാത്രകളിലെ വീർപ്പുമുട്ടിക്കുന്ന ട്രാഫിക് ബ്ലോക്കുകളും സിഗ്നലുകളിലെ നീണ്ട കാത്തുനിൽപ്പും ഇനി പഴങ്കഥയാകുന്നു. സങ്കൽപ്പമെന്നു കരുതിയ 'പറക്കും ടാക്സി' യാഥാർത്ഥ്യമാകാൻ ഇനി മാസങ്ങൾ മാത്രം. ആഗോള ഗതാഗത ഭീമനായ ഊബർ (Uber), പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ജോബി ഏവിയേഷനുമായി (Joby Aviation) കൈകോർത്താണ് നഗരയാത്രകളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുന്നത്.

നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ സാധാരണ ഊബർ ആപ്പിലൂടെ തന്നെ ഇനി ആകാശയാത്ര ബുക്ക് ചെയ്യാം. ആപ്പ് തുറന്ന് ലക്ഷ്യസ്ഥാനം നൽകിയാൽ 'Joby Aircraft' എന്ന പുതിയ ഓപ്ഷൻ തെളിയും. വെറും ഒരു ടാപ്പിലൂടെ വീട്ടിൽ നിന്ന് എയർപോർട്ടിലേക്കോ ഓഫീസ് കെട്ടിടങ്ങളിലേക്കോ ഉള്ള യാത്ര മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം. ആകാശയാത്രയ്ക്കൊപ്പം യാത്രക്കാരെ പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും ഊബർ ബ്ലാക്ക് കാർ സൗകര്യവും ഇതിനൊപ്പം ലഭിക്കും.


ജോബി ഏവിയേഷൻ വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക വാഹനത്തിന് ആറ് ടിൽറ്റിംഗ് പ്രൊപ്പല്ലറുകളാണുള്ളത്. ഒരു ഹെലികോപ്റ്ററിനെപ്പോലെ ലംബമായി (Vertical) മുകളിലേക്ക് പൊങ്ങാനും പിന്നീട് വിമാനത്തെപ്പോലെ അതിവേഗത്തിൽ മുന്നോട്ട് കുതിക്കാനും ഇതിന് സാധിക്കും. മണിക്കൂറിൽ 200 മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് വിമാനത്തിന് ഒരു തവണ ചാർജ് ചെയ്താൽ 100 മൈൽ വരെ പറക്കാൻ ശേഷിയുണ്ട്. പൈലറ്റിനെ കൂടാതെ നാല് യാത്രക്കാർക്ക് ഒരേസമയം ഇതിൽ യാത്ര ചെയ്യാം.


ഈ വർഷം അവസാനത്തോടെ ദുബായിലാണ് ലോകത്താദ്യമായി ഈ സർവീസ് വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുക. തൊട്ടുപിന്നാലെ ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ലണ്ടൻ, ജപ്പാൻ തുടങ്ങിയ നഗരങ്ങളിലും ഊബർ എയർ ടാക്സി എത്തും. അമേരിക്കൻ ഏവിയേഷൻ റെഗുലേറ്ററായ എഫ്.എ.എ (FAA)-യുടെ അന്തിമ അനുമതികൾക്കായി കാത്തിരിക്കുകയാണ് കമ്പനി. ഇതിനോടകം തന്നെ 50,000 മൈലിലേറെ പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കി സുരക്ഷാ പരിശോധനകൾ ഉറപ്പുവരുത്തിയിട്ടുണ്ട്.


സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ വർത്ത വലിയ ചർച്ചയായിട്ടുണ്ട്. ട്രാഫിക് കുരുക്കിൽ വലയുന്ന നഗരവാസികൾക്ക് ആകാശം ഒരു പുതിയ വഴിയായി മാറുകയാണ്. ഈ വർഷം അവസാനത്തോടെ ആകാശത്ത് ഊബർ ടാക്സികൾ പറന്നുതുടങ്ങുന്നതോടെ ലോകത്തിന്റെ ഗതാഗത നിർവ്വചനം തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article