Fastag KYC Update: ജനുവരി 31നകം ഫാസ്ടാഗ് അക്കൗണ്ടിലെ കെ വൈ സി പൂർത്തിയാക്കണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. ഫെബ്രുവരി ഒന്നുമുതൽ കെ വൈ സി അപ്ഡേറ്റ് ചെയ്യാത്ത ഫാസ്ടാഗ് പ്രവർത്തനരഹിതമാകും. ഇത്തരത്തിലുള്ള ഫാസ്ടാഗിനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ ഉപയോഗിക്കാവു എന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നാൽ ഒരു വാഹനത്തെ ബന്ധിപ്പിച്ച് നിരവധി ഫാസ്ടാഗുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, കെ വൈ സി ഇല്ലാതെ ഫാസ്റ്റാഗ് നല്‍കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നാണ് നിഗമനം.
ഇതുവരെ നല്‍കിയിട്ടുള്ള ഏഴ് കോടി ഫാസ്റ്റാഗില്‍ നാല് കോടി മാത്രമാണ് ഇപ്പോള്‍ ആക്ടീവായിട്ടുള്ളത്. ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കി ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കെവൈസി നിർബന്ധമാക്കിയത്. കെ വൈ സി ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്
എങ്ങനെ ഓണ്‍ലൈനായി കെ വൈ സി അപ്‌ഡേറ്റ് ചെയ്യാം
fastag.ihmcl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ഇവിടെ ലോഗിൻ ചെയ്യുക. ഇതിനുശേഷം ഡാഷ്‌ബോർഡ് മെനുവിലെ My Profile ഓപ്ഷൻ തുറക്കുക. ഇതിലെ കെ വൈ സി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അവിടെ ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, ഫോട്ടോ തുടങ്ങിയ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുക.
വിവരങ്ങള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിച്ച് സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. മുഴുവന്‍ രേഖകളും സമര്‍പ്പിച്ചാല്‍ മാത്രമേ കെ വൈ സി അപ്‌ഡേഷന്‍ പൂര്‍ത്തിയാകൂ. വിവരങ്ങള്‍ നല്‍കി ഏഴ് ദിവസത്തിനുള്ളില്‍ കെ വൈ സി പ്രോസസ് പൂര്‍ത്തിയാകും.