സ്‌പൈസ് ജെറ്റ് വിമാനങ്ങളുടെ അനിശ്ചിത വൈകല്‍ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിവിധ സര്‍വീസുകള്‍ക്ക് വലിയ കാലതാമസം നേരിട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ നിരന്തരം വൈകുന്നതുമൂലം യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ദുബായ്, ഫുജൈറ വിമാനങ്ങളാണ് പ്രധാനമായും വൈകുന്നത്. ഇന്നലെ രാവിലെ 11:45-ന് പുറപ്പെടേണ്ടിയിരുന്ന ഫുജൈറ വിമാനം പലതവണ സമയം മാറ്റിയ ശേഷം ഇന്ന് പുലര്‍ച്ചെ 2:55-നാണ് പുറപ്പെട്ടത്. സമാനമായി, ഇന്നലെ രാത്രി 12:25-ന് പുറപ്പെടേണ്ടിയിരുന്ന ദുബായ് വിമാനം ഇന്ന് രാവിലെ 6:12-നാണ് സര്‍വീസ് നടത്തിയത്. ബോര്‍ഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിന് അകത്തുപ്രവേശിച്ച ശേഷമാണ് വിമാനം വൈകുന്ന വിവരമറിഞ്ഞത് എന്നതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തുപോകാനോ വിശ്രമിക്കാനോ സാധിച്ചില്ല. വിമാനങ്ങള്‍ വൈകുന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ സ്‌പൈസ് ജെറ്റ് അധികൃതര്‍ ഇതുവരെ തയ്യാറാകാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽ മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വൈകുന്നതെന്നാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം.