Share this Article
News Malayalam 24x7
അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം
Christians Observe Pesaha with Prayer and Foot Washing Ceremony

യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹാ വ്യാഴം ആചരിച്ചു. വിനയത്തിന്റെയും സേവനത്തിന്റെയും സന്ദേശം വിളിച്ചോതി പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും നടന്നു.

സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയ യേശുവിന്റെ മാതൃക പിന്തുടർന്ന് അദ്ദേഹം തിരഞ്ഞെടുത്ത 12 പേരുടെ കാലുകൾ കഴുകി ചുംബിച്ചു.


തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകി. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പ്രാധാന്യം അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.


കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ നടന്ന പെസഹാ കുർബാനയ്ക്കും കാലുകഴുകൽ ശുശ്രൂഷയ്ക്കും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകി.


പെസഹാ ആചരണത്തിന്റെ ഭാഗമായി കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ വൈകുന്നേരം പെസഹാ അപ്പവും (കുരിശപ്പം) പാലുമുണ്ടാക്കി പ്രാർത്ഥനകളോടെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പങ്കുവെച്ചു. ഈ വലിയ ആഴ്ചയിലെ പ്രധാന ചടങ്ങുകളിലൊന്നായ പെസഹാ വ്യാഴത്തിന് പിന്നാലെ നാളെ ദുഃഖവെള്ളിയാചരണത്തിലേക്ക് വിശ്വാസികൾ കടക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article