ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിലാണ് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കുന്നത്.
ഇന്നലെ നടന്ന പെസഹാ ചടങ്ങുകൾക്ക് പിന്നാലെയാണ് പീഡാനുഭവ സ്മരണയിലേക്ക് ലോകം കടന്നത്. പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും അന്ത്യത്താഴത്തെ അനുസ്മരിപ്പിക്കുന്ന പ്രത്യേക പ്രാർത്ഥനകളും നടന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് ലോകത്തിന്റെ പാപം ചുമലിലേറ്റി ക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓർമ്മകളാണ് വിശ്വാസികൾ പുതുക്കുന്നത്.
ദേവാലയങ്ങളിൽ കുരിശിന്റെ വഴി ഉൾപ്പെടെയുള്ള പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും. തിരുവനന്തപുരത്ത് പാളയത്ത് നടക്കുന്ന സംയുക്ത കുരിശിന്റെ വഴിക്ക് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, തോമസ് തറയിൽ തുടങ്ങിയവർ നേതൃത്വം നൽകും. സിറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ സെന്റ് മേരീസ് കത്തീഡ്രലിൽ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകും.
ചടങ്ങുകൾക്ക് ശേഷം വിശ്വാസികൾക്ക് കൈപ്പനീരും നേർച്ചക്കഞ്ഞിയും വിതരണം ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ ദുബായിലെ ചില പള്ളികളിൽ നേരിട്ടുള്ള പ്രാർത്ഥനകൾ ഒഴിവാക്കി ശുശ്രൂഷകൾ ഓൺലൈനായി നടത്തി. ലോകത്തെവിടെയുമുള്ള ക്രൈസ്തവർക്ക് ഈസ്റ്ററോടെ വിശുദ്ധ വാരത്തിന് സമാപ്തിയാകും.